ബിജെപിയുടെ ബലിദാനി ജീവനോടെ ഉഡുപ്പിയില്‍

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം തയ്യാറാക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ ജീവിച്ചിരിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകനും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തങ്ങളുടെ 23 പ്രവര്‍ത്തകരെ 'ജിഹാദി'കള്‍ കൊലപ്പെടുത്തിയെന്നാണ് ബിജെപിയുടെ അവകാശവാദം. സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ട 23 പാര്‍ട്ടിപ്രവര്‍ത്തകരുടെ പട്ടികയിലാണ് ഉഡുപ്പിയില്‍ ജീവിച്ചിരിക്കുന്ന അശോക് പൂജാരെയും ഉള്ളത്. കഴിഞ്ഞ ദിവസം ദേശീയമാധ്യമങ്ങളാണ് ഇയാളെ കണ്ടെത്തിയത്.
ഉഡുപ്പിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശോഭ കരന്തലെജെയാണ് പട്ടിക തയ്യാറാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചത്.  പട്ടികയിലെ ആദ്യത്തെ പേരാണ് പൂജാരയുടേത്. 2015 സപ്തംബര്‍ 20ന് അശോക് പൂജാരെ കൊല്ലപ്പെട്ടെന്നാണ് രേഖകളില്‍ പറയുന്നത്. ബിജെപിയുടെയും ബജ്്‌രംഗ്ദളിന്റെയും പ്രവര്‍ത്തകനായ പൂജാെരയ്ക്ക് നേരെ 2015ലാണ് ആക്രമണമുണ്ടായത്. എങ്കിലും 15 ദിവസത്തെ തീവ്രപരിചരണ വിഭാഗത്തിലെ ചികില്‍സയ്ക്കു ശേഷം താന്‍ ജീവിതത്തിലേക്കു തിരിച്ചെത്തിയെന്നും പൂജാരെ പറഞ്ഞു. തന്റെ പേര് പട്ടികയില്‍ അബദ്ധത്തില്‍ കയറിപ്പറ്റിയതാണെന്ന വിശദീകരണവുമായി ശോഭ കരന്തലെജെ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും  പൂജാരെ പറയുന്നു.
അതേസമയം, കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലികളില്‍ തങ്ങളുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന വ്യാജ പ്രചാരണം ബിജെപി തുടരുകയാണ്.  പ്രചാരണത്തിനായി പ്രധാനമന്ത്രി സംസ്ഥാനത്ത് നടത്തിയ റാലികളിലും ഇതേ കണക്കു തന്നെയാണു നേതൃത്വം പറഞ്ഞത്. എന്നാല്‍, 23 ബലിദാനികളില്‍ 14ഓളം പേര്‍ ആത്മഹത്യ ചെയ്തവരും ചിലര്‍ മറ്റു കാരണങ്ങളാല്‍ കൊല്ലപ്പെട്ടവരുമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

RELATED STORIES

Share it
Top