ബിജെപിയുടെ നെറികേടുകള്‍ക്കെതിരേ ദലിതുകളും പ്രതികരിച്ചു തുടങ്ങി വാ തുറക്കാതെ മുസ്‌ലിം നേതാക്കള്‍

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ വിവേചനത്തിനും നീതിനിഷേധത്തിനും ക്രൂരതയ്ക്കുമെതിരേ ബിജെപിയിലെ ദലിത് എംപിമാര്‍ വിമത ശബ്ദമുയര്‍ത്തുമ്പോഴും നിശ്ശബ്ദ കാഴ്ചക്കാരായി പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കള്‍. പാര്‍ട്ടിയിലെ സവര്‍ണ നേതൃത്വം ദലിതുകളെ പാര്‍ശ്വവല്‍ക്കരിക്കുന്നുവെന്നും ദലിതുകള്‍ക്കെതിരായ പീഡനത്തെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ച് അഞ്ചു ബിജെപി ദലിത് എംപിമാരാണ് അടുത്ത കാലത്ത് രംഗത്തെത്തിയത്.
വിമതസ്വരമുയര്‍ത്തിയ നാല് എംപിമാര്‍ ജാതിരാഷ്ട്രീയം ആളിക്കത്തുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ബഹ്‌റായിച്ചില്‍ നിന്നുള്ള ദലിത് എംപി സാവിത്രി ഭായ് ഫൂലെ ലഭ്യമാവുന്ന ഓരോ അവസരവും ദലിത് പീഡനങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ആദിത്യനാഥിന്റെ ഓഫിസില്‍ നിന്നു പിടിച്ചുപുറത്താക്കിയതിനെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് റോബര്‍ട്ട്‌സ്ഗഞ്ചില്‍ നിന്നുള്ള എംപി ചോട്ടെ ലാല്‍ ഖാര്‍വാര്‍. കഴിഞ്ഞയാഴ്ച ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനു ശേഷം ഉത്തര്‍പ്രദേശ് പോലിസ് വ്യാപകമായി ദലിതുകളെ വേട്ടയാടുന്നുവെന്നാണ് ഇറ്റാവയില്‍ നിന്നുള്ള എംപി അശോക് ദോറെയുടെ പരാതി. ദലിത് ശാക്തീകരണത്തിനും വികസനത്തിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചു മോദിക്ക് കത്തെഴുതിയിരിക്കുകയാണ് നാഗീനില്‍ നിന്നുള്ള എംപി യശ്വന്ത് സിങ്.
ഏറ്റവുമൊടുവില്‍ ബിജെപി സര്‍ക്കാരിന്റെ ദലിത് പീഡനത്തിനെതിരേ വിമത ശബ്ദമുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത് ഡല്‍ഹിയില്‍ നിന്നുള്ള എംപിയായ ഉദിത് രാജാണ്. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ദലിതുകള്‍ പീഡിപ്പിക്കപ്പെടുന്നതായും പോലിസ് കള്ളക്കേസ് ചുമത്തുന്നതായും അദ്ദേഹം പരാതിപ്പെടുന്നു. യശ്വന്ത് സിങും ഉദിത് രാജും 2014ലാണ് ബിജെപിയില്‍ ചേര്‍ന്നതെങ്കില്‍ ഫൂലെ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷങ്ങളായി ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ്. ദലിത് എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പട്ടികവിഭാഗ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കത്തിനെതിരേ പ്രതികരിക്കാന്‍ ബിജെപി നിര്‍ബന്ധിതമായത്.
തങ്ങളുടെ സമുദായത്തില്‍പ്പെട്ടവര്‍ ബിജെപി സര്‍ക്കാരുകള്‍ക്കു കീഴില്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരേ ശബ്ദമുയ ര്‍ത്താന്‍ ദലിത് എംപിമാര്‍ ധൈര്യം കാട്ടുമ്പോഴും പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനമുള്‍പ്പെടെ വഹിക്കുന്ന മുസ്‌ലിം നേതാക്കള്‍ വിനീതവിധേയരായി മുന്നോട്ടുപോവുകയാണ്. കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, എം ജെ അക്ബര്‍, ഗവര്‍ണര്‍ നജ്മ ഹിബത്തുല്ല, ഷാനവാസ് ഹുസയ്ന്‍, ന്യൂനപക്ഷ സെല്‍ അംഗം ആസിഫ ഖാന്‍, പാര്‍ട്ടി വക്താക്കളായ ശാസിയ ഇല്‍മി, ഇജാസ് ഇല്‍മി തുടങ്ങിയവരെല്ലാം നിശ്ശബ്ദ കാഴ്ചക്കാരാണ്.
ബിജെപി മന്ത്രിമാര്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന മുസ്‌ലിംവിരുദ്ധ കലാപങ്ങളും ആക്രമണങ്ങളും തുടരുമ്പോഴും പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാ ഉള്‍പ്പെടെ മുസ്‌ലിംകള്‍ക്കെതിരേ വിഷം വമിക്കുമ്പോഴും ഒരക്ഷരം ഉരിയാടാന്‍ പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കള്‍ക്ക് സാധിക്കുന്നില്ല.
പലപ്പോഴും നഖ്‌വിയെപ്പോലുള്ളവര്‍ സംഘപരിവാര നേതാക്കളേക്കാള്‍ വലിയ വിധേയത്വം പ്രകടിപ്പിക്കുന്നതാണ് കാണുന്നത്. ബീഫ് കഴിക്കുന്നവര്‍ പാകിസ്താനില്‍ പോവണമെന്ന നഖ്‌വിയുടെ പ്രസ്താവന ഇതിനുദാഹരണമാണ്. മുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ശാബാനൂ വിധിക്കെതിരേ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട എം ജെ അക്ബര്‍, ഇപ്പോള്‍ മുസ്‌ലിംകളില്‍ നിന്നു വ്യാപക എതിര്‍പ്പുയരുന്ന മുത്ത്വലാഖ് ബില്ലിനു വേണ്ടി സമ്മര്‍ദം ചെലുത്തുന്നു.
കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും മുസ്‌ലിം പ്രീണനം നടത്തുകയും വോട്ട്ബാങ്കാക്കി മാറ്റുകയും ചെയ്യുമ്പോള്‍ ബിജെപി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കളുടെ ന്യായീകരണം.
ഗുജറാത്ത് മുതല്‍ ഉത്തര്‍പ്രദേശ് വരെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുസ്‌ലിംകള്‍ക്ക് സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിജയിക്കുന്നവര്‍ക്ക് സീറ്റ് നല്‍കുക എന്നതാണ് ബിജെപിയുടെ മാനദണ്ഡമെന്നാണ് ഷാനവാസ് ഹുസയ്‌ന്റെ പ്രതികരണം. എന്നാല്‍, പാര്‍ട്ടി ടിക്കറ്റില്‍ മുസ്‌ലിം പോക്കറ്റുകളില്‍ മല്‍സരിച്ച പല ഹിന്ദു സ്ഥാനാര്‍ഥികളും എട്ടുനിലയില്‍ പൊട്ടിയപ്പോഴും അതിനെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.

RELATED STORIES

Share it
Top