ബിജെപിയില്‍ ആഭ്യന്തര കലഹം

ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ബിജെപിയില്‍ ആഭ്യന്തര കലഹം. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ ബിജെപി നേതാവും സ്ഥാനമൊഴിയുന്ന മേയറുമായ ആശാ കുമാരി ജസ്വാള്‍ നാമനിര്‍ദേശപത്രിക സമര്‍പിച്ചതാണ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ രൂക്ഷമാവാന്‍ കാരണമായത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജസ്വാള്‍ മല്‍സരിക്കുന്നത്. ദവേഷ് മൗദ്ഗിലാണ് ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി. മുന്‍ എംപി സത്യപാല്‍ ജയിനിനോട് അടുത്ത നേതാവാണ് മൗദ്ഗില്‍. കൗണ്‍സിലര്‍ അരുണ്‍ സൂദിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ചണ്ഡീഗഡ് ബിജെപി പ്രസിഡന്റ് സഞ്ജയ് ടണ്ഡനിന്റെ അനുകൂലികളുടെ വാദം തള്ളിയാണു പാര്‍ട്ടി മൗദ്ഗിലിനെ പിന്തുണച്ചത്. ഈമാസം 9നാണ് മേയര്‍ തിരഞ്ഞെടുപ്പ്. മൗദ്ഗിലിന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതുമുതല്‍ തന്നെ പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
ചണ്ഡീഗഡ് നഗരസഭയിലെ 20 ബിജെപി അംഗങ്ങളില്‍ 14 പേരും മൗദ്ഗിലിനെ പിന്തുണയ്ക്കുന്നില്ലെന്ന് ആശാ കുമാരി ജസ്വാള്‍ പ്രതികരിച്ചു. മൗദ്ഗിലല്ലാതെ മറ്റാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടിയോട് അഭ്യര്‍ഥിക്കുകയാണെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായാണ് മൗദ്ഗില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top