ബിജെപിയിലേക്കില്ല; മരണം വരെ കോണ്‍ഗ്രസ്സിലുണ്ടാവും: കെ സുധാകരന്‍

കണ്ണൂര്‍: എല്ലാവരും കോണ്‍ഗ്രസ് വിട്ടുപോയാലും കോണ്‍ഗ്രസ്സിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കാന്‍ മരണം വരെ താനുണ്ടാവുമെന്നും ബിജെപിയില്‍ ചേരില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി തന്റെ അടുത്തേക്ക് ദൂതന്മാരെ അയച്ച കാര്യം വെളിപ്പെടുത്തിയത് രാഷ്ട്രീയ മര്യാദകൊണ്ടാണ്. താന്‍ ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ പി ജയരാജന്‍ നടത്തുന്ന കള്ളപ്രചാരണം പാര്‍ലമെന്ററി വ്യാമോഹം തകര്‍ന്നതുമൂലമുണ്ടായ മാനസികാസ്വാസ്ഥ്യമാണ്. ബിജെപിയുമായി യുദ്ധം ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന നേതാവാണെന്നു വരുത്തിത്തീര്‍ത്ത് ന്യൂനപക്ഷ സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ നടത്തിയ ശ്രമം ശുഹൈബ് വധത്തോടെ പൊളിഞ്ഞു. താന്‍ ഒരു ബിജെപി നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല. തന്റെ അടുത്തേക്ക് ദൂതനെ ചര്‍ച്ചയ്ക്ക് അയച്ചിരുന്നു. രാജയുടെ അടുത്തയാളാണെത്തിയത്. അയാളെ അപ്പോള്‍ തന്നെ തിരിച്ചയക്കുകയും ചെയ്തു.
അതേസമയം, തന്റെ അഭിമുഖത്തിന്റെ അല്‍പഭാഗം മാത്രം എടുത്തുകാട്ടി തനിക്കെതിരേ കള്ളപ്രചാരണത്തിന് ചുക്കാന്‍പിടിച്ച കൈരളി ചാനലിനെതിരേ നിയമനടപടി സ്വീകരിക്കും. ഇതുപോലുള്ള രാഷ്ട്രീയം പി ജയരാജനു മാത്രം ചേര്‍ന്നതാണ്. ബിജെപിയുടെ അപകടം എല്ലാ പ്രസംഗങ്ങളിലും എടുത്തുപറയുന്നയാളാണ് ഞാന്‍. രാഷ്ട്രീയത്തില്‍ എന്തു സംഭവിച്ചാലും ഒരിക്കലും ഞാന്‍ ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോവില്ല. ഗുജറാത്തില്‍ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടത്തിയ സംഘടിത ആക്രമണത്തിന്റെ അതേ രൂപത്തില്‍ കേരളത്തില്‍ നടത്തുന്നത് സിപിഎമ്മാണ്. മുസ്‌ലിം വീടുകള്‍ സംഘടിതമായി കൊള്ളയടിച്ച സിപിഎമ്മിന് എന്തു ന്യൂനപക്ഷ സ്‌നേഹമാണ്. തലശ്ശേരി കലാപം ആസൂത്രിത ഗൂഢാലോചനയായിരുന്നു.
വരും ദിവസങ്ങളില്‍ തലശ്ശേരി കലാപത്തിലെ ഗൂഢതന്ത്രം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കും. കലാപത്തില്‍ പിണറായി വിജയന്റെ റോള്‍ എന്താണെന്ന് അന്വേഷിക്കണം. സിപിഐ ഇറക്കിയ നോട്ടീസിലും സിപിഎം ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടത്തിയ അതിക്രമങ്ങളുടെ ചിത്രമുണ്ട്. മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തി കൂടെ നിര്‍ത്താന്‍ സിപിഎം നടത്തിയ ശ്രമമാണ് തലശ്ശേരി കലാപമെന്നും സുധാകരന്‍ ആരോപിച്ചു.

RELATED STORIES

Share it
Top