ബിജെപിക്ക് തുണയായത് കോണ്‍ഗ്രസ്: പിണറായി

തിരുവനന്തപുരം: ത്രിപുരയില്‍ ബിജെപിയുടെ വിജയത്തിനു സഹായകമായത് കോണ്‍ഗ്രസ് പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം പരാജയപ്പെട്ടെങ്കിലും സിപിഎമ്മിന്റെ അടിത്തറ ഭദ്രമാണ്. അവിടെ കോണ്‍ഗ്രസാണ് തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ സിപിഎമ്മിനേറ്റ തിരിച്ചടി സംബന്ധിച്ച് പ്രതിപക്ഷത്തെ വി ഡി സതീശന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയവെയാണ് കോണ്‍ഗ്രസ്സിനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്. ഒരു പാര്‍ട്ടി ആകെ ബിജെപിയിലേക്ക് പോവുന്നത് സാധാരണനിലയില്‍ പ്രതീക്ഷിക്കാവുന്നതല്ല. ബിജെപിക്കുണ്ടായിരുന്ന രണ്ടു ശതമാനത്തിനൊപ്പം കോണ്‍ഗ്രസ്സിന്റെ 35 ശതമാനം കൂടി ചേര്‍ന്നപ്പോഴാണ് ത്രിപുര ബിജെപി പിടിച്ചത്.
വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് കോണ്‍ഗ്രസ്സിനില്ല. അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കുന്നത്. സ്വന്തം പാര്‍ട്ടിയെയും നേതൃത്വത്തെയും ആദ്യം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്രിപുരയില്‍ അഭിമാനകരമായ ഭരണമായിരുന്നു ഇടതുമുന്നണിയുടേതെന്ന് പിണറായി അവകാശപ്പെട്ടു.
യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന ഘട്ടത്തിലൊന്നും ആ സംസ്ഥാനത്തിന് ആവശ്യമായ വികസന സഹായം നല്‍കിയിരുന്നില്ല. എന്നിട്ടും സംസ്ഥാനത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ ഇടതുഭരണത്തിനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top