ബിജെപിക്ക് കീഴടങ്ങുന്നതിലും നല്ലത് മരിക്കുന്നത്: ലാലു പ്രസാദ് യാദവ്

പാട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപിക്ക് കീഴടങ്ങുന്നതിനേക്കാള്‍ നല്ലത് മരിക്കാനാണ് ഇഷ്ടം എന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ലാലുവിനെതിരേ മോദി സര്‍ക്കാരും നിതീഷ് കുമാറും ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹത്തിന്റെ മകന്‍ തേജസ്വി യാദവ് ആരോപിച്ചിരുന്നു. ബിജെപിയ്ക്ക് വഴങ്ങാന്‍ ലാലു തയ്യാറായിരുന്നുവെങ്കില്‍ അദ്ദേഹം ഹരിശ്ചന്ദ്രനെപ്പോലെ സത്യസന്ധനായ വ്യക്തിയായി മാറുമായിരുന്നുവെന്നും തേജസ്വി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

1995 97 കാലയളവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലാലു പ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. ഡിസംബര്‍ 23 നാണ് സിബിഐ പ്രത്യേക കോടതി ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാലുവിനെ പൊലിസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു. കേസിലെ മറ്റുപ്രതികള്‍ക്കും സമാനമായ ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു കുറ്റക്കാരനാണെന്ന് റാഞ്ചി സിബിഐ കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കാലിത്തീറ്റ കുംഭകോണ കേസില്‍ ഇനി നാല് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലാണ്.

RELATED STORIES

Share it
Top