ബിജെപിക്കൊപ്പമില്ല; ബാക്കി കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് ജെഡിഎസ്

ബംഗളൂരു: കര്‍ണാടകയില്‍ തൂക്കുസഭയുണ്ടായാല്‍ തങ്ങള്‍ ബിജെപിക്കൊപ്പം പോവില്ലെന്ന് ജനതാദള്‍ സെക്യുലര്‍. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ തങ്ങളെ കൂട്ടണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. അത് അവരുടെ ഉത്തരവാദിത്തമാണെന്നും ജനതാദള്‍ ജനറല്‍ സെക്രട്ടറിയും മുഖ്യവക്താവുമായ ഡാനിഷ് അലി പറഞ്ഞു.
എല്ലാ തവണയും മതേതര സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട കാര്യം ജെഡിഎസിന്റെ മാത്രം ഉത്തരവാദിത്തമല്ല. പാര്‍ട്ടി ബിജെപിക്കെതിരേ കോണ്‍ഗ്രസിനെ സഹായിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ലെന്നും ഡാനിഷ് അലി പരാതിപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ എച്ച് ഡി ദേവഗൗഡയുടെ പാര്‍ട്ടിയായ ജെഡിഎസിന്റെ പിന്തുണ തേടുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. തങ്ങള്‍ തനിച്ച് ഭൂരിപക്ഷം നേടുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. അതേ സമയം, തൂക്കുസഭ വരുമെന്നും ജെഡിഎസ് 30ലേറെ സീറ്റ് നേടി നിര്‍ണായകമാവുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top