ബികോം വിദ്യാര്‍ഥിയെ റാഗ് ചെയ്തതായി പരാതി

ആലുവ: കളമശ്ശേരി എസ്എസിഎംഎസ് കോളജില്‍ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായി പരാതി. ആലുവ പറവൂര്‍ കവല പുന്നോര്‍കോട് വീട്ടില്‍ മുഹമ്മദ് ഫസലിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും മുഖം ക്ലോസറ്റിലമര്‍ത്തി ഫഌഷടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ശനിയാഴ്ച രാവിലെ കോളജിലെത്തിയ മുഹമ്മദ് ഫസലിനോട് 12ഓളം സീനിയര്‍ വിദ്യാര്‍ഥികള്‍ അരമണിക്കൂര്‍ വെയിലത്ത് കൈ ഉയര്‍ത്തി നില്‍ക്കാന്‍ ആവശ്യപെട്ടു. ഇതിന് തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ റൂമിലേക്ക് കൂട്ടി ക്കൊണ്ടുപോയി മുഖത്തും ശരീരത്തിലും മര്‍ദിച്ചു. നാലുപേര്‍ ചേര്‍ന്ന് ക്ലോസറ്റില്‍ മുഖമമര്‍ത്തി ഫഌഷടിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് അധ്യാപകന്‍ വന്നതിനാലാണ് രക്ഷപെട്ടത്.കഴിഞ്ഞ ദിവസം മുടിക്കല്‍ സ്വദേശി അമീനെയും ഹോസ്റ്റല്‍ മുറിയിലെ കക്കൂസിലെത്തിച്ച് മര്‍ദിച്ചിരുന്നു. ഭീഷണിപ്പെടുത്തിയതിനാല്‍ പരാതിപ്പെട്ടില്ല. കോളജില്‍ റാഗിങ് നടക്കുന്നുണ്ടെങ്കിലും സീനിയര്‍ വിദ്യാര്‍ഥികളെ ഭയന്ന് ആരും പരാതി നല്‍കാറില്ല.  മുഹമ്മദ് ഫസല്‍  ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ്. ആലുവ പോലിസ് കേസെടുത്തു. കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top