ബിഎസ്്പി-ജോഗി സഖ്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഛത്തീസ്ഗഡ്: ബിഎസ്പി-അജിത് ജോഗി സഖ്യത്തിനു ബിജെപി പിന്തുണയെന്ന് കോണ്‍ഗ്രസ്. ഛത്തീസ്ഗഡില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ച ബിഎസ്പിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. 2003 മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപിക്കെതിരേ ബിഎസ്പിയുമായി ചേര്‍ന്ന് സഖ്യത്തില്‍ ഏര്‍പ്പെടാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു.
പക്ഷേ, 90 അംഗ നിയമസഭയില്‍ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ 55 സീറ്റിലും ബിഎസ്പി 35 സീറ്റിലും മല്‍സരിക്കുമെന്ന് മായാവതി വ്യാഴാഴ്ച വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദഫലമായാണ് ബിഎസ്പി ജനതാ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിബിഐയില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്കു മേലുള്ള സമ്മര്‍ദമാണ് ഇങ്ങനെയൊരു സഖ്യരൂപീകരണത്തിലേക്ക് നയിച്ചതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബുപേഷ് ഭാഗല്‍ പറഞ്ഞു. സഖ്യത്തിന് ബിജെപി പിന്തുണയുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top