ബിഎസ്പി സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പിന്തുണ

ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥി ഭീംറാവു അംബേദ്കറെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഈ മാസമാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി (സിഎന്‍പി) യോഗത്തില്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബിഎസ്പി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നു സിഎന്‍പി നേതാവ് അജയ് സിങ് ലാലു അറിയിച്ചു.
വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ മതനിരപേക്ഷ ശക്തികളുമായി കൈകോര്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബിഎസ്പി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ട് -അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിഎസ്പി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തുണയ്ക്കുന്നെങ്കില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തുണയ്ക്കാന്‍ ബിഎസ്പി തയ്യാറാണെന്നു പാര്‍ട്ടി നേതാവ് മായാവതി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ 19 എംഎല്‍എമാരുള്ള ബിഎസ്പിക്ക് രാജ്യസഭാ സ്ഥാനാര്‍ഥിയെ ജയിപ്പിക്കണമെങ്കില്‍ 18 വോട്ടുകള്‍ കൂടി വേണം.
സമാജ്‌വാദി പാര്‍ട്ടിക്ക് 47 എംഎല്‍എമാരുണ്ട്. അവരുടെ സ്ഥാനാര്‍ഥി ജയാബച്ചനെ ജയിപ്പിക്കാന്‍ 37 വോട്ട് മതി. മിച്ചംവരുന്ന 10 വോട്ടുകളും കോണ്‍ഗ്രസ്സിന്റെ ഏഴ് എംഎല്‍എമാരും ഒരു ആര്‍എല്‍ഡി അംഗവും പിന്തുണച്ചാല്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് ജയിച്ചു കയറാം.
യുപിയിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. വോട്ടെടുപ്പ് ആവശ്യമായി വരുന്നുവെങ്കില്‍ 23ന് നടക്കും.

RELATED STORIES

Share it
Top