ബിഎസ്എഫ് ഉദ്യോഗസ്ഥന് കള്ളക്കടത്തുകാരുമായി ബന്ധമെന്ന് സിബിഐ

തിരുവനന്തപുരം: അരക്കോടിയോളം രൂപയുമായി ട്രെയിനില്‍ യാത്ര ചെയ്യവേ സിബിഐ പിടികൂടിയ ബിഎസ്എഫ് കമാന്‍ഡന്റ് ജിബു ഡി മാത്യുവിന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് സിബിഐ. തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് അതിര്‍ത്തിയിലെ കള്ളക്കടത്തുകാര്‍ക്ക് അനധികൃതമായി സഹായങ്ങള്‍ നല്‍കിയെന്നും സിബിഐയുടെ റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. സിബിഐ കസ്റ്റഡി കാലാവധി ഇന്നലെ കഴിഞ്ഞതോടെ കോടതിയില്‍ ഹാജരാക്കിയ ജിബുവിനെ ഈമാസം 26 വരെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. സിബിയുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജിബുവിനെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ നല്‍കി. പിടികൂടിയ രൂപയുടെ ഉറവിടം കണ്ടെത്താന്‍ വേണ്ടിയാണ് ഇത്രയും ദിവസം ആവശ്യപ്പെട്ടതെന്ന് സി—ബിഐ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യവെ പ്രതിയില്‍നിന്നും ലഭിച്ച വിവരം ഐബി പോലെയുള്ള അന്വേഷണ ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് അപേക്ഷയില്‍ സിബിഐ ചൂണ്ടിക്കാട്ടി. സിബിഐ ഇന്‍സ്‌പെക്ടര്‍ പി ടി ജോണ്‍സനാണ് റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പത്തനംതിട്ട സ്വദേശിയായ ജിബുവിനെ രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണ് സിബിഐ പിടികൂടിയത്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബൈറാംപൂര്‍ യൂനിറ്റിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. കൈക്കൂലിയായി ലഭിച്ച പണമാണ് ഇയാളുടെ പക്കല്‍ നിന്നും ലഭിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

RELATED STORIES

Share it
Top