ബിഎസ്എഫ് ഉദ്യോഗസ്ഥനെതിരേ എന്‍ഐഎ അന്വേഷണം നടത്തണം

കൊച്ചി: ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിയോഗിച്ചിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനില്‍ നിന്ന് സിബിഐ 45 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കൂടി അന്വേഷിക്കണമെന്ന് ഹൈക്കോടതി.
അതിര്‍ത്തി രക്ഷാസേന പശ്ചിമബംഗാള്‍ 83ാം ബറ്റാലിയന്‍ കമാന്‍ഡന്റായിരുന്ന പത്തനംതിട്ട ഇലന്തൂര്‍  പുലിനില്‍ക്കുന്നത്തില്‍ വീട്ടില്‍ ജിബു ഡി മാത്യുവിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കാവല്‍ ഡ്യൂട്ടിക്കിടെ കള്ളക്കടത്തുകാരില്‍ നിന്ന് ഇയാള്‍ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും ഷാലിമാറില്‍ നിന്ന് കായംകുളത്തേക്ക് ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വരുന്നതിനിടെ ആലപ്പുഴയില്‍വച്ച് ജനുവരി 30ന് പിടികൂടിയെന്നുമാണ് സിബിഐ കേസ്. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കേസില്‍ നിന്ന് 4530500 രൂപ സിബിഐ പിടിച്ചെടുത്തിരുന്നു. സിബിഐ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വിട്ടു. ഇതിനുശേഷം കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇയാള്‍ അഴിമതി വിരുദ്ധ നിയമപ്രകാരം കൂടാതെ മറ്റെന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തിലൂടെ മാത്രമേ സത്യം വെളിപ്പെടുകയുള്ളൂെവന്നും ജാമ്യം അനുവദിക്കരുതെന്നും സിബിഐ വാദിച്ചു. ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണ്.
അന്താരാഷ്ട്ര കള്ളക്കടത്തുകാരുമായി ബന്ധമുള്ള ഇയാളെ ജാമ്യത്തില്‍ വിടുകയാണെങ്കില്‍ രാജ്യം വിട്ടു പോവാന്‍ സാധ്യതയുണ്ട്. ഇയാള്‍ക്ക് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഇയാള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

RELATED STORIES

Share it
Top