ബിഎഡ് കോഴ്‌സുകള്‍ ബിരുദ പഠനത്തിന്റെ ഭാഗമാക്കുന്നു

കോഴിക്കോട്: രണ്ടു വര്‍ഷത്തെ ബിഎഡ് കോഴ്‌സുകള്‍ ഇനി ബിരുദ പഠനത്തിന്റെ ഭാഗമാക്കുന്നു. രണ്ട് വര്‍ഷത്തെ ബിഎഡ്  കോഴ്‌സുകള്‍ നിര്‍ത്തലാക്കിയാണ് ബിരുദപഠനത്തിന്റെ ഭാഗമാക്കുന്നത്.
കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതു സംബന്ധിച്ച് സൂചന നല്‍കിയതായാണ് റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിശദപഠനത്തിനായി ആറംഗ സമിതിയെ നിയമിച്ചു. വരും വര്‍ഷം മുതല്‍ ബിഎഡ് ബിരുദ സംയോജിത നാലുവര്‍ഷ കോഴ്‌സ് തുടങ്ങാനാണ് ലക്ഷ്യം. ഇതിന് ആവശ്യമായ പാഠ്യപദ്ധതി എന്‍സിഇആര്‍ടി തയ്യാറാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. അതേസമയം, കലാലയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ അതേപടി തുടരും. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈ പദ്ധതി നടപ്പായാല്‍ കേരളത്തിലെ 245ലേറെ ബിഎഡ് സെന്ററുകളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്നാണ് വിലയിരുത്തല്‍.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നയരേഖ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ പുറത്തു വിട്ടിട്ടില്ല. ഇത് ആസൂത്രണം ചെയ്യുന്നതിനുള്ള ത്രിദിന യോഗം ഡല്‍ഹിയില്‍ ചൊവ്വാഴ്ച തുടങ്ങി. മാത്രമല്ല, ബിഎഡ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് നാലുവര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സ് ആരംഭിക്കുന്നത്. എന്നാല്‍, ബിഎഡ് കോളജുകളില്‍ ഇവ ആരംഭിക്കാനുള്ള സൗകര്യമില്ല. കേരളത്തില്‍ നാലു സര്‍ക്കാര്‍ ട്രെയിനിങ് കോളജുകളും 17 എയ്ഡഡ് കോളജും ഉള്‍പ്പെടെ 245ലധികം ബിഎഡ് സെന്ററുകളുണ്ട്. 10000ത്തോളം സീറ്റുമുണ്ട്.

RELATED STORIES

Share it
Top