ബാവിക്കര റഗുലേറ്റര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണം

കാസര്‍കോട്: ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ജലസേചന വകുപ്പ് മതിയായ തുകയും സാങ്കേതികാനുമതിയും ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പുഴയിലെ മണല്‍ കടത്തും മാലിന്യകൂമ്പാരവും തടയാന്‍ ജില്ലാ പോലിസ് മേധാവി നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ അവശ്യപ്പെട്ടു. മാലിന്യരഹിതവും സുരക്ഷിതവുമായ കുടിവെള്ളം കാസര്‍കോടുകാര്‍ക്ക് അന്യമാണെന്ന് ആരോപിച്ച് എ എം അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷന്‍ ജല അതോറിറ്റി, ജില്ലാ കലക്ടര്‍ എന്നിവരില്‍ നിന്നും വിശദീകരണങ്ങള്‍ വാങ്ങിയിരുന്നു.
ബാവിക്കരയില്‍ നിന്നും കാസര്‍കോട് നഗരസഭയിലെ 40,000 പേര്‍ക്ക് ശുദ്ധജലം എത്തിക്കുന്നുണ്ടെന്ന് ജല അതോറിറ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു. വേനല്‍കാലത്ത് പുഴയിലെ നീരൊഴുക്ക് കുറയുമ്പോള്‍ കടലില്‍ നിന്നും ഉപ്പുവെള്ളം കയറാറുണ്ടെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 1983 മുതല്‍ മണല്‍ചാക്ക് കൊണ്ട് താല്‍കാലിക തടയണ നിര്‍മിക്കാറുണ്ട്.
ഓരോവര്‍ഷവും താല്‍കാലിക തടയണ നിര്‍മിക്കുന്നതിലുള്ള ധനനഷ്ടം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനത്തിന് സര്‍ക്കാര്‍ ഫണ്ട് ജലസേചനവകുപ്പിന് 2007-ല്‍ കൈമാറിയെങ്കിലും 40 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
താല്‍കാലിക തടയണ പ്രയോജനരഹിതമാണെന്നും ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കാനായിട്ടില്ലെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. ദീര്‍ഘകാല പ്രയോജനം ചെയ്യുന്ന പദ്ധതി സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ പ്രാപ്തിയും അനുഭവസമ്പത്തുമുള്ളവരെ മാത്രം കരാറുകാരായി നിശ്ചയിക്കണം. യഥാസമയം പണം നല്‍കി ജില്ലാ കലക്ടര്‍ നേരിട്ട് നിര്‍മാണ പുരോഗതി വിലയിരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്തണം. വേനല്‍കാലത്ത് മാത്രം ജലദൗര്‍ലഭ്യം തിരിച്ചറിയുന്ന പതിവ് ഒഴിവാക്കണം. പുഴകളുടെയും ഉറവകളുടെയും ഉത്ഭവകേന്ദ്രങ്ങളിലെ ജലവിതരണം നിലനിര്‍ത്തി സംരക്ഷിക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പില്‍ വരുത്തണം.
പുഴയിലെ മണല്‍ക്കൊള്ള നിര്‍ദാക്ഷണ്യം അവസാനിപ്പിക്കാനുള്ള ഇച്ഛാശക്തി അധികൃതരും ബഹുജനപ്രസ്ഥാനങ്ങളും പ്രകടിപ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാകലക്ടര്‍ ആവശ്യമെങ്കില്‍ ജനപ്രതിനിധികളുടെയും തദ്ദേശഭരണ സ്ഥാപമേധാവികളുടെയും യോഗം വിളിച്ചുചേര്‍ക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

RELATED STORIES

Share it
Top