ബാഴ്‌സയെ തകര്‍ത്ത് റോമ സെമിയില്‍, സിറ്റിയെ വീഴ്ത്തി ചെമ്പടയോട്ടം


റോം: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ അട്ടിമറി തോല്‍വിയേറ്റുവാങ്ങി ബാഴ്‌സലോണ പുറത്ത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത റോമ  ആദ്യ പാദത്തില്‍ നേടിയ ഒരു എവേ ഗോളിന്റെ കരുത്തില്‍ സെമിയിലേക്ക് കുതിക്കുകയായിരുന്നു. ആദ്യ പാദ മല്‍സരം 4-1നാണ് ബാഴ്‌സലോണ വിജയിച്ചത്.
കളി തുടങ്ങി ആറാം മിനിറ്റില്‍ ഡിസീക്കോയിലൂടെ റോമ അക്കൗണ്ട് തുറന്നു. ആദ്യ പകുതിയില്‍ ഒരു ഗഗോളിന്റെ ആധിപത്യം നിലനിര്‍ത്തിയ റോമ രണ്ടാം പകുതിയുടെ 58ാം മിനിറ്റില്‍ ഡി റോസിയിലൂടെ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. പിന്നീട് തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ 82ാം മിനിറ്റില്‍ മനോലാസിന്റെ ഗോളിലൂടെ റോമ 3-0ന്റെ ലീഡെടുത്തു. പിന്നീട് ഗോളകന്ന് നിന്നതോടെ 3-0ന് വിജയിച്ച റോമ സെമിയിലേക്ക് പറന്നപ്പോള്‍ ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്തുപോയി. 38 തുടര്‍ ജയങ്ങള്‍ക്ക് ശേഷമാണ് ബാഴ്‌സലോണ തോല്‍ക്കുന്നത്.

നാണംകെട്ട് സിറ്റി
മാഞ്ചസ്റ്റര്‍: ആദ്യ പാദത്തില്‍ ലിവര്‍പൂളിന്റെ തടകത്തിലേറ്റ 3-0ന്റെ തോല്‍വിക്ക് കണക്കുവീട്ടാന്‍ സ്വന്തം തട്ടകത്തില്‍ ബൂട്ടുകെട്ടിയ സിറ്റിക്ക് വീണ്ടും നാണംകെട്ട തോല്‍വി. രണ്ടാം പാദത്തില്‍ 2-1നാണ് ലിവര്‍പൂള്‍ വിജയം പിടിച്ചത്. ഇരുപാദങ്ങളിലുമായി 5-1 എന്ന നിലയില്‍ ലിവര്‍പൂള്‍ സെമിയില്‍ കടന്നപ്പോള്‍ സിറ്റി തോല്‍വിയോടെ പുറത്തുപോയി. രണ്ടാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിലൂടെ ആദ്യം വലകുലുക്കിയത് സിറ്റിയാണെങ്കിലും 56ാം മിനിറ്റില്‍ സലാഹിലൂടെയും 77ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെയും ഗോള്‍മടക്കി ലിവര്‍പൂള്‍ വിജയം അക്കൗണ്ടിലാക്കുകയായിരുന്നു.

RELATED STORIES

Share it
Top