ബാഴ്സലോണ കിങ്‌സ് കപ്പ് ചാംപ്യന്‍മാര്‍


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടം ഉറപ്പിച്ച ബാഴ്‌സലോണന്‍ നിരക്ക് സ്പാനിഷ് കോപാ ഡെല്‍ റേയിലും (കിങ്‌സ് കപ്പ് ) കിരീടം. ഫൈനലില്‍ സെവിയ്യയെ ചിത്രത്തിലെ ഇല്ലാതാക്കി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. ലൂയിസ് സുവാരസ് ഇരട്ട ഗോളുകളോടെ പടനയിച്ച മല്‍സരത്തില്‍ ലയണല്‍ മെസ്സി,  ഇനിയസ്റ്റ, കോട്ടീഞ്ഞോ എന്നിവരും ബാഴ്‌സലോണയ്ക്കായി വലകുലുക്കി.
യുവേഫ ചാംപ്യന്‍സ് ലീഗില്‍ കിരീടം നേടി ബാഴ്‌സലോണന്‍ ജഴ്‌സി ഊരാന്‍ കാത്തിരുന്ന ഇനിയസ്റ്റയ്ക്ക് കിങ്‌സ് കപ്പ് സമ്മാനിച്ചാണ് സഹതാരങ്ങള്‍ യാത്രയാക്കിയത്. മെസ്സിയുടെ അസിസ്റ്റില്‍ ബാഴ്‌സലോണയ്ക്ക് ഒരു ഗോളും സമ്മാനിച്ച് രാജകീയമായിരുന്നു ഇനിയസ്റ്റയുടെ പടിയിറക്കം.
മാഡ്രിഡിലെ വാന്‍ഡ മെട്രൊപൊളിറ്റാനോയില്‍ 4-3-3 ഫോര്‍മാറ്റില്‍ ബാഴ്‌സലോണ ബൂട്ടണിഞ്ഞപ്പോള്‍ 4-4-2 ഫോര്‍മാറ്റിലായിരുന്നു സെവിയ്യയുടെ പടപ്പുറപ്പാട്. തുടക്കം മുതല്‍ സെവിയ്യയെ നോക്കുകുത്തികളാക്കി ബാഴ്‌സലോണന്‍ നിര പന്ത് തട്ടുന്നതിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. കളി തുടങ്ങി 14ാം മിനിറ്റില്‍ത്തന്നെ ബാഴ്‌സലോണ അക്കൗണ്ട് തുറന്നു. ഗോള്‍കീപ്പര്‍ ജസ്പര്‍ സിലിസെന്റെ 60 വാര അകലെ നിന്നുള്ള ലോങ്‌ബോള്‍ പിടിച്ചെടുത്ത് കോട്ടിഞ്ഞോ പന്ത് സുവാരസിന് കൈമാറുകയായിരുന്നു. ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന സുവാരസ് അനായാസമായി പന്ത് വലയിലാക്കുകയും ചെയ്തു. ബാഴ്‌സ 1-0ന് മുന്നില്‍. ലീഡെടുത്തതോടെ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ ബാഴ്‌സ 31ാം മിനിറ്റില്‍ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. സെവിയ്യ പ്രതിരോധ താരത്തിന്റെ പിഴവില്‍ പന്ത് ലഭിച്ച ജോര്‍ഡി ആല്‍ബ മെസ്സിക്ക് പന്ത്മറിച്ച് നല്‍കി. ശരവേഗത്തില്‍ ഷോട്ടുതിര്‍ത്ത മെസ്സിയ്ക്ക് ലക്ഷ്യം തെറ്റാതിരുന്നതോടെ 2-0ന് ബാഴ്‌സ മുന്നില്‍. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഒരിക്കല്‍ക്കൂടി ബാഴ്‌സലോണ സെവിയ്യന്‍ ഗോള്‍ പോസ്റ്റില്‍ പന്തെത്തിച്ചു. 40ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ സുവാരസാണ് ബാഴ്‌സലോണയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചത്. ഇതോടെ ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 3-0ന്റെ ലീഡോടെയാണ് ബാഴ്‌സലോണന്‍ നിര കളം പിരിഞ്ഞത്.
രണ്ടാം പകുതിയിലും കളിമികവ് തുടര്‍ന്ന് ബാഴ്‌സലോണ 52ാം മിനിറ്റില്‍ ഗോള്‍ നേട്ടം നാലാക്കി ഉയര്‍ത്തി.
മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇനിയസ്റ്റക്ക് മെസ്സി നല്‍കിയ പാസിനെ കൃത്യമായി ഇനിയസ്റ്റ ഗോള്‍പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. 69ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യവും ബാഴ്‌സയെ തേടിയെത്തി. സെവിയ്യ ഡിഫന്‍ഡര്‍ ക്ലെമെന്റ് ലെങ്‌ലെറ്റ് വരുത്തിയ ഹാന്‍ഡ് ബോളില്‍ റഫറി ബാഴ്‌സക്ക് അനൂകലമായി പെനാല്‍റ്റി നല്‍കുകയായിരുന്നു. കിക്കെടുത്ത കൊട്ടീഞ്ഞോയെ തടുക്കാന്‍ സെവിയ്യന്‍ ഗോളിക്ക് സാധിക്കാതെ വന്നതോടെ അഞ്ചാം ഗോളും ബാഴ്‌സലോണയുടെ അക്കൗണ്ടില്‍ നിറഞ്ഞു. ഒടുവില്‍ ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ ഏകപക്ഷീയമായ അഞ്ച് ഗോളിന്റെ കരുത്തില്‍ കിങ്‌സ് കപ്പ് കിരീടം ചൂടിയാണ് ബാഴ്‌സലോണന്‍ നിര ബൂട്ടഴിച്ചത്.
ഇത് 30ാം തവണയാണ് ബാഴ്‌സലോണ കിങ്‌സ് കപ്പ് കിരീടം നേടുന്നത്. കൂടാതെ തുടര്‍ച്ചയായ നാലാം തവണ കൂടിയാണിത്. ഇന്നത്തെ മല്‍സരത്തോടെ ഒരു റെക്കോഡും മെസ്സി സ്വന്തമാക്കി. അഞ്ച് വ്യത്യസ്തമായ കിങ്‌സ് കപ്പ് ഫൈനലുകള്‍ കളിക്കുകയും കിരീടം നേടുകയും ചെയ്ത് രണ്ടാമത്തെ താരമെന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. അഞ്ച് മല്‍സരത്തില്‍ നിന്ന് ആറ് ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം.
ടെല്‍മോ സാറയാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച താരം. എട്ടു ഗോളുകളാണ് ടെല്‍മ സാറയുടെ പേരിലുള്ളത്.

RELATED STORIES

Share it
Top