ബാല്യത്തിന്റെ ഓര്‍മകള്‍ ഇരമ്പി ആ പഴയ വിദ്യാലയ തിരുമുറ്റത്ത്

മുക്കം: ഇണങ്ങിയും പിണങ്ങിയും കുസൃതി കാണിച്ചും കഴിഞ്ഞ കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ പങ്കിട്ട് വിദ്യനുകരാനെത്തിയ സ്‌കൂള്‍ മുറ്റത്ത് ഒരു വട്ടം കൂടി അവര്‍ ഒത്തുചേര്‍ന്നു. 91 വര്‍ഷമായി  നാടിന് അക്ഷരവെളിച്ചം പകരുന്ന പന്നിക്കോട് ഗവ. എല്‍പി സ്‌കൂളിലെ  പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടിയത്.
ക്ലാസ്സ് മുറിയും അസംബ്ലിയും എന്തിനേറെ സ്‌കൂള്‍ പരിസരത്തെ പഴയ മിഠായിക്കടപോലും പുനരവതരിപ്പിച്ചുകൊണ്ടായിരുന്നു ഓര്‍മയുടെ തീരത്ത് പഴയ സതീര്‍ഥ്യരൊത്ത് ചേര്‍ന്നത്. സംഗമത്തിന് എത്തിയവരിലധികവും 60 വയസ് പിന്നിട്ടവരായിരുന്നു എന്നതും ശ്രദ്ധേയമായി . രാവിലെ കൃത്യം 10 ന്തന്നെ  ബെല്ലടിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല പഴയ വിദ്യാര്‍ഥികളായ മാനുകുട്ടന്‍ വൈദ്യരും ബാലന്‍ മാഷുമെല്ലാം അനുസരണയുള്ള കുട്ടികളെപോലെ മാധവി ടീച്ചര്‍ക്കും രാധാമണി ടീച്ചര്‍ക്കും ഭാസ്‌ക്കരന്‍ മാസ്റ്റര്‍ക്കും വിജയന്‍ മാസ്റ്റര്‍ക്കുമെല്ലാം മുന്നില്‍ അസംബ്ലിക്കായി വരിനിന്നു. 60 കഴിഞ്ഞ കോമളവല്ലിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് ശേഷം ജീവിച്ചിരിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളില്‍ പ്രായം കൂടിയ പി ഉപ്പേരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇത് ഏറ്റു ചൊല്ലുമ്പോള്‍ പഴയ കാല ഓര്‍മ്മകള്‍ പലരുടേയും മനസ്സില്‍ മധുരം നിറച്ചു.
ചലചിത്രതാരവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കുളപ്പുള്ളി ലീല പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലും താരമായി. സംഗമത്തില്‍ ആദ്യമായി ഓര്‍മ്മച്ചെപ്പ് തുറന്നതും അവരായിരുന്നു. പട്ടിണി നിറഞ്ഞ തന്റെ പഴയ സ്‌കൂള്‍കാലത്തെ ഓര്‍മ്മകള്‍ അവര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പങ്കുവെച്ചു.
തുടര്‍ന്ന് ഓരോരുത്തരായി ഓര്‍മകള്‍ പങ്കുവെച്ചു.പിടിഎ പ്രസിഡന്റ് പി സുനോജ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷബ്‌ന പൊന്നാട് മുഖ്യഥിതിയായി. പ്രധാനാധ്യാപിക കെ എ ഷൈല, ശിവന്‍ ഉച്ചക്കാവില്‍, ബാബു മൂലയില്‍, ബാബു പൊലു കുന്നത്ത്, രമേശ് പണിക്കര്‍ ,ടി കെ ജാഫര്‍, മജീദ് പുളിക്കല്‍, ബീന വടക്കൂട്ട്, ഷബ്‌ന താന്നിക്കല്‍ തൊടി സംസാരിച്ചു.പഴയ കാല അധ്യാപകരേയും പൂര്‍വ വിദ്യാര്‍ഥികളേയും ആദരിക്കല്‍, അനുഭവം പങ്കുവെക്കല്‍, കവിയരങ്ങ്, പൂര്‍വ വിദ്യാര്‍ഥികളായ ബൈജു മാട്ടു മുറി, ബിനീഷ് കവിലട എന്നിവര്‍ അവതരിപ്പിച്ച കോമഡി ഷോ ,ഗാനമേള എന്നിവയും അരങ്ങേറി. സമാപന സമ്മേളനം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി ടി സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, സ്വപ്‌ന വിശ്വനാഥ്, ഉമ ഉണ്ണികൃഷ്ണന്‍, താജുന്നീസ, കെ പി ചന്ദ്രന്‍ , ഷിജി പരപ്പില്‍, കബീര്‍ കണിയാത്ത്, സി  ഹരീഷ്, പി ടി കുഞ്ഞിരായിന്‍, വിജീഷ് പരവരി സംസാരിച്ചു.  സി ഫസല്‍ ബാബു, പി വി അബ്ദുല്ല , രാജന്‍ പരപ്പില്‍, മജീദ്കുവപ്പാറ,കെ സുനില്‍, ഒ കെ നസീബ് ,അംജദ് ഖാന്‍ ,എ പി നൂര്‍ജഹാന്‍, ഷമേജ്, അനില്‍കുമാര്‍, സലീം മാനോ ടി കെ, ഉസ്സയിന്‍ കക്കാട്, സബീല്‍ കെ കെ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top