ബാലിയില്‍ അഗ്‌നിപര്‍വതസ്‌ഫോടനം; വിമാനത്താവളം അടച്ചിട്ടു

ബാലി: അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. മൗണ്ട് അഗുംഗ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കു പിന്നാലെ വിമാനത്താവളം പുകയും ചാരവും കൊണ്ടു മൂടി. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
അഗ്‌നിപര്‍വത പുക വിമാന യാത്രയ്ക്കു വന്‍ ഭീഷണിയാണ്. എന്‍ജിനുകളില്‍ നിന്നു തീ ഉയരാന്‍ ഈ പുക കാരണമാവുമെന്നതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. കിഴക്കന്‍ ജാവയിലെ രണ്ടു ചെറിയ വിമാനത്താവളങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. സ്‌ഫോടനംമൂലം 48 ആഭ്യന്തര സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 8000 യാത്രക്കാരാണ് വിമാനത്താവളത്തില്‍ ഉള്ളത്. ഇക്വഡോറിലെ സിയറ നെഗ്ര അഗ്‌നിപര്‍വതവും പൊട്ടിത്തെറിച്ച് ലാവ പുറംതള്ളുകയാണ്. ഇതേത്തുടര്‍ന്ന് ഗലപാഗോസ് നാഷനല്‍ പാര്‍ക്ക് പുകയും ചാരവും കൊണ്ട് മൂടപ്പെട്ടിരിക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മൗണ്ട് അഗുങില്‍ 1963ല്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 1600 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വത മേഖലയാണ് ഇന്തോനീസ്യ.

RELATED STORIES

Share it
Top