ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധം ശക്തം

തൃശൂര്‍: ജമ്മുകാശ്മീരില്‍ പിഞ്ചുബാലികയെ പോലിസുകാരുള്‍പ്പടെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലയിലുടനീളം വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരികയാണ്.
ചേലക്കര: ആസിഫ ബാനുവിന്റെ അരുംകൊലയില്‍ പ്രതിഷേധിച്ച് ചേലക്കരയില്‍ ഒരു കൂട്ടം യുവാക്കള്‍ നടത്തിയ പ്രകടനവും പ്രതിഷേധകൂട്ടായ്മയും നടത്തി. മുര്‍ഷിദ് ചേലക്കര, കബീര്‍ കിള്ളിമംഗലം, റഫീഖ് മേപ്പാടം, ദിലീപ്, ജാബിര്‍, സജീവ്, സുലൈമാന്‍കുട്ടി നേതൃത്വം നല്‍കി. ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ച് എട്ട് വയസുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് പ്രകടനം ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂര്‍: ജമ്മുകാശ്മീരിലെ പിഞ്ചുബാലിക ആസിഫാ ബാനുവിനെ ക്ഷേത്രത്തിന്റെ പൂജാമുറിയില്‍വെച്ചു അതിക്രൂരമായി ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണത്തുക്കുന്ന് സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ മജീദ് പുത്തഞ്ചിറ, അനീസ് പൊന്നാത്ത്, ശരീഫ് കരുപ്പടന്ന നേതൃത്വം നല്‍കി.
തൃശൂര്‍: കാശ്മീരില്‍ 8 വയസുകാരിയെ കൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ തൃശൂര്‍ തെക്കേഗോപുരനടയില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. ഹിന്ദുത്വ ഭീകരതയില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുക, ബാലികക്ക് നീതി ഉറപ്പാക്കുക, ഉനാവോ ബലാല്‍സംഘ കേസിലെ പ്രതിയായ ബിജെപി എംഎല്‍എയെ ശിക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തിയാണ് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്‍ നില്‍പ്പ് സമരത്തില്‍ പങ്കെടുത്തത്.
കത്‌വ, ഉന്നാവ പീഡനങ്ങളില്‍ പ്രതിഷേധിച്ച് എസ് വൈ എസ് പ്രതിഷേധ റാലി തൃശൂര്‍ സോണില്‍ കൊക്കാലെ ഖലീഫ സെന്ററില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി എം എം ഇബ്‌റാഹീം ഹാജി ഉദ്ഘാടനം ചെയ്തു.
ഇരകളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാനും പ്രതികള്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കുന്നതിന് ഇടപെടുവാന്‍ വേണ്ടിയും സര്‍ക്കാരിനോടും അധികാരികളോടും ആവശ്യപ്പെട്ടുകൊണ്ട് തൃശൂര്‍ കോര്‍പറേഷനു മുമ്പില്‍ നടന്ന സമാപന സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ: പി യു അലി സംസാരിച്ചു. പ്രതിഷേധറാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top