ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം/ കോട്ടയം: കോട്ടയം പാമ്പാടി പള്ളിക്കത്തോട് ക്രോസ് റോഡ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ബിന്റോ ഈപ്പന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് വാഴൂര്‍ 14ാം മൈല്‍ പൊടിപ്പാറയില്‍ ഈപ്പന്‍ വര്‍ഗീസിന്റെ മകന്‍ ബിന്റോ (14) തൂങ്ങിമരിച്ചത്. മരണത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.
പാമ്പാടി ക്രോസ് റോഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ബിന്റോ ഈപ്പന്‍. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പ്രാഥമിക റിപോര്‍ട്ട് പുറത്തുവന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സ്‌കൂളിലെത്തി മാനേജ്‌മെന്റ് പ്രതിനിധികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണു സ്‌കൂള്‍ അധികാരികള്‍ ചട്ടലംഘനം നടത്തിയതായും മാതാപിതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും വിദ്യാഭ്യാസ ഓഫിസര്‍ കണ്ടെത്തിയത്.
ഒമ്പതാം ക്ലാസിലെ മാതൃകാ പരീക്ഷയില്‍ മാര്‍ക്ക് കുറവായതിനെതുടര്‍ന്നാ് ആറു കുട്ടികള്‍ക്ക് 10ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ കഴിയില്ലെന്നു സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. കുട്ടികള്‍ ഒമ്പതാം ക്ലാസില്‍ തുടരുകയോ, സ്‌കൂള്‍ മാറുകയോ ചെയ്യണമെന്നും സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് അത്തരമൊരു നിയമം പ്രായോഗികമല്ലെന്നും വിദ്യാര്‍ഥിയുടെ അവസാന പരീക്ഷയുടെ ഫലം കാണിച്ചിട്ടില്ലെന്നും ഡിഇഒ വ്യക്തമാക്കി.
സിബിഎസ്ഇ ചട്ടപ്രകാരമാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് വാദിക്കുന്നത്. സിബിഎസ്ഇ നിയമത്തില്‍ ഇത്തരമൊരു വ്യവസ്ഥയുണ്ടോയെന്നു പരിശോധിക്കുമെന്നും പ്രാഥമിക അന്വേഷണ റിപോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ഡിഇഒ വ്യക്തമാക്കി. ഉയര്‍ന്ന ക്ലാസുകളില്‍ തോല്‍ക്കുമെന്ന് കരുതുന്ന വിദ്യാര്‍ഥികളെ ടിസി നല്‍കി പറഞ്ഞുവിടുന്ന പ്രവണത സ്‌കൂളില്‍ നിലനില്‍ക്കുന്നുണ്ടെന്നു രക്ഷിതാക്കള്‍ ഡിഇഒയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലെത്തി അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top