ബാലാവകാശം സാമൂഹികനീതിയുമായി ബന്ധപ്പെട്ടത്: എഡിഎം

പത്തനംതിട്ട: ബാലാവകാശങ്ങളും സാമൂഹ്യനീതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് എഡിഎം അനു എസ് നായര്‍. സാമൂഹ്യ നീതിയും കുട്ടികളുടെ അവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി ഉറപ്പുവരുത്തിയാല്‍ മാത്രമേ ബാലാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയൂ. ബാലാവകാശ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയില്‍ ഇന്‍ഡ്യ ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് രൂപപ്പെട്ടത്. ഒരു കുട്ടിയും ജനിക്കുന്നത് നിയമലംഘകനായിട്ടില്ല. സാഹചര്യങ്ങളാണ് കുട്ടികളെ നിയമവുമായി പൊരുത്തപ്പെടാത്തവരായി മാറ്റുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഏറെ നാളായെങ്കിലും ഇന്നും സാമൂഹ്യനീതി പൂര്‍ണമായും ഉറപ്പുവരുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ആദിവാസി വിഭാഗങ്ങളും പട്ടികവര്‍ഗ വിഭാഗങ്ങളും മത്സ്യതൊഴിലാളികളും ഇന്നും പാര്‍ശ്വവല്‍കൃത സമൂഹമായി തുടരുന്നു. ഇത്തരം വിഭാഗങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ചേക്കേറിയ ഒരു വിഭാഗത്തിന്റെ സാമൂഹികാവസ്ഥയില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തിലുള്ള ഭൂരിപക്ഷം ആളുകള്‍ക്കും ഇപ്പോഴും പൂര്‍ണമായി സാമൂഹ്യനീതി ലഭിച്ചിട്ടില്ല. 1950 കളില്‍ പൊതുസമൂഹവും ആദിവാസി വിഭാഗങ്ങളും തമ്മിലുള്ള അന്തരം നേര്‍ത്തതായിരുന്നു. എന്നാല്‍ ഇന്ന് ഇത് വളരെ കൂടിയിട്ടുണ്ട്. സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ കഴിയാത്തതിന്റെ തിക്ത ഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണ്. കുട്ടികളുടെ പരിരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. ശ്രദ്ധയും പരിരക്ഷണവും ആവശ്യമായ കുട്ടികള്‍ക്ക് അത് നല്‍കുന്നതിനും നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കുന്നതിനുമുള്ള നിയമങ്ങളാണ് നിലവിലുള്ളത്. എന്നാല്‍ ഇവയൊക്കെ ഉദ്ദേശിച്ച ഫലം നല്‍കുന്നുണ്ടോ എന്നത്  സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. 12 ലക്ഷത്തില്‍ അധികം വരുന്ന പത്തനംതിട്ടയിലെ ജനസംഖ്യയില്‍ 10000ല്‍ താഴെയാണ് ആദിവാസികള്‍. ഗവി, മൂഴിയാര്‍, അട്ടത്തോട് തുടങ്ങിയ മേഖലകളിലെ ആദിവാസി കുട്ടികള്‍ ഏറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ജില്ലാ ഭരണകൂടവും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും വിവിധ സന്നദ്ധ സംഘടനകളും നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. അട്ടത്തോട് മേഖലയില്‍ ഇക്കാര്യങ്ങളില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ മൂഴിയാര്‍ ഭാഗത്തെ ആദിവാസി വിഭാഗങ്ങളില്‍ മിക്കവരും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്തവരായതിനാല്‍ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുന്നതിന് കഴിയുന്നില്ലെന്നും മൂഴിയാറിലെ കുട്ടികള്‍ക്ക് അവധിക്കാലത്ത് ഭക്ഷണം ഉറപ്പുവരുത്തുന്നതിന് സ്‌പോണ്‍സര്‍ഷിപ്പില്‍ തുടങ്ങിയ സുഭക്ഷിത ബാല്യം സുന്ദരബാല്യം എന്ന പദ്ധതി ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഫണ്ട് നല്‍കുന്നുണ്ട്. ഇവിടുത്തെ ആളുകളുടെ ജീവിത രീതി മാറ്റുന്നതിന് നിരവധി ബോധവത്ക്കരണ പരിപാടികളും നടത്തിവരുന്നു. പുതുതലമുറ രക്ഷിതാക്കള്‍ കുട്ടികളെ അമിതമായി ലാളിക്കുന്നു. ഇതുമൂലം അധ്യാപകര്‍ക്ക് ചെറിയ ശിക്ഷ പോലും കുട്ടികള്‍ക്ക് നല്‍കുവാന്‍ കഴിയാതെയായി. വിമര്‍ശനങ്ങള്‍ കേള്‍ക്കാതെ ശിക്ഷണ നടപടികള്‍ നേരിടാതെ വളര്‍ന്നുവരുന്ന തലമുറ ചെറിയ പ്രശ്‌നങ്ങളില്‍പോലും ആത്മഹത്യയിലേക്ക് പോകുന്നു. നിയമത്തെ പേടിച്ച് കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധ്യാപകര്‍ വിമുഖത കാട്ടുന്നു. ഇത് വളരുന്ന തലമുറയെ നിയമലംഘകരായി മാറ്റുന്ന ഒരു സാഹചര്യമുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ മാനിക്കാതെ ക്രൂരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ സദുദ്ദേശത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന അധ്യാപകര്‍ പലപ്പോഴും ബലിയാടാക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത്തരം വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ സെന്‍സേഷന്റെ പിന്നാലെ പോകാതെ വസ്തുതാപരമായി ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സമീപനം സ്വീകരിക്കണം. അധ്യാപകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നമ്മുടെ സമൂഹത്തിനും ഭാവിതലമുറയ്ക്കും ഗുണകരമാവില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണമെന്നും എഡിഎം പറഞ്ഞു.  കേരള കൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തില്‍ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, പ്രസ് ക്ലബ്ബ് ഖജാന്‍ജി എസ് ഷാജഹാന്‍, കേരള കൗമുദി ബ്യൂറോ ചീഫ്  ബിജുമോഹന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top