ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ബാലഭാസ്‌കര്‍ കണ്ണു തുറന്നതായും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായും ഭാര്യ ലക്ഷ്മിയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വന്നതായും ഇവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, അപകടത്തില്‍ മരിച്ച ഇവരുടെ മകള്‍ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും പരിക്കുകള്‍ ഗുരുതരമായിരുന്നു. എന്നാല്‍, ഇവര്‍ ഇരുവരും അപകടനില തരണം ചെയ്‌തെങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
ശസ്ത്രക്രിയ കഴിഞ്ഞ ബാലഭാസ്‌കര്‍ ഐസിയുവില്‍ തുടരുകയാണ്. 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു.
ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകടത്തില്‍ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top