ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തില്ല; 207 യത്തീംഖാനകള്‍ക്കെതിരേ നിയമനടപടി എടുക്കരുത്: സുപ്രിംകോടതി

ന്യൂഡല്‍ഹി: ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാരണത്താല്‍ കേരളത്തിലെ 207 യത്തീംഖാനകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നിയമ നടപടികള്‍ തടഞ്ഞു കൊണ്ട് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഈ യത്തീംഖാനകള്‍ക്കു ബാലനീതി നിയമം ബാധകമാവുമോ എന്ന കാര്യം വിശദമായി പിന്നീട് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും അമിക്കസ് ക്യൂറിയും രേഖാമൂലം നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബാലനീതി നിയമത്തിന്റെ മറവില്‍ യത്തീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് 207 യത്തിംഖാനയുടെ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണു നടപടി. ബാലനീതി നിയമപ്രകാരം ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ യത്തീംഖാനകളില്‍ ഉണ്ടെന്നു യത്തിംഖാനകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. പാര്‍ലമെന്റ് പാസാക്കിയ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നിയമപ്രകാരമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും ബോര്‍ഡിന് അധികാരമുണ്ട്. ബാലനീതി നിയമത്തില്‍ പറയുന്നതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ യത്തീംഖാനകളിലുണ്ട്. യത്തീഖാനകളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സുതാര്യമാണ്.
വേണമെങ്കില്‍ ഇക്കാര്യം സര്‍ക്കാരിനു പരിശോധിക്കാവുന്നതാണെന്നും ഹരജിക്കാര്‍ പറഞ്ഞു. അതേസമയം യത്തീംഖാനകള്‍ക്ക് യാതൊരു ഇളവും നല്‍കരുതെന്നും ബാലനീതി നിയമപ്രകാരവും ശിശുസംരക്ഷണ നിയമ പ്രകാരവും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. യത്തീംഖാനകള്‍ക്ക് ഇളവു നല്‍കിയാല്‍ ഭാവിയില്‍ പല സ്ഥാപനങ്ങളും ഒഴിവുകഴിവുകള്‍ ആവശ്യപ്പെട്ട് മുമ്പോട്ടുവരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഇതിനു പിന്നാലെയാണു യത്തീംഖാനകള്‍ക്ക് മേല്‍ ബാലനീതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ബാധകമാക്കരുതെന്നു സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top