ബാലനീതി നിയമം: അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിഷേധിക്കരുത്

കൊച്ചി: ഓര്‍ഫനേജ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങളും 2015ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തങ്ങളുടെ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബാലനീതി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും നിയമം നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഡിസംബര്‍ 31നകം ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രിംകോടതി വിധിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓര്‍ഫനേജ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകളെ ബാലനീതി മാതൃകാ ചട്ടപ്രകാരമുള്ള മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് കീഴിലാക്കരുതെന്നും 61 പേജുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി. സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ നിഷേധിക്കരുത്. മതിയായ സൗകര്യങ്ങളില്ലെന്ന് കാണുകയാണെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ മാതൃകാ ചട്ടത്തില്‍ പറയുന്ന സൗകര്യങ്ങള്‍ ഉള്ള ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ സ്ഥാപിക്കണം. തുടര്‍ന്ന് ഇവിടേക്ക് കുട്ടികളെ മാറ്റണം. സ്ഥാപനങ്ങള്‍ പെട്ടെന്ന് പൂട്ടരുത്. കുട്ടികളെ പറഞ്ഞയച്ചും പൂട്ടിക്കരുത്. ഒരു സ്ഥാപനത്തിന് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ലെങ്കില്‍ അവിടത്തെ കുട്ടികളെ ഉചിതമായ സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കണം. തങ്ങളുടെ വസ്തുവകകളില്‍ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും കുട്ടികളുടെ മേല്‍ അവകാശമില്ല. രക്ഷിതാക്കളുടെ കരുതല്‍ ലഭിക്കാത്ത കുട്ടികളുടെ ഉത്തരവാദിത്തം ഭരണകൂടത്തിനാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ സ്ഥാപിക്കാത്തതോ സംരക്ഷിക്കാത്തതോ ആയ സ്ഥാപനങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെങ്കിലും ഇവയെ ബാലനീതി നിയമത്തില്‍ പറയുന്ന ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനുകളായി കാണരുത്. സര്‍ക്കാരിന്റെ സഹായമൊന്നുമില്ലാതെ വ്യക്തികളും സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന സ്ഥാപനങ്ങള്‍ ബാലനീതി മാതൃകാചട്ടങ്ങള്‍ പ്രകാരമുള്ള സൗകര്യം ഒരുക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശിക്കാനാവില്ല. ഒരു സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയെന്നാല്‍ കുട്ടികളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നു മാത്രമാണ്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതോ ചെലവ് വഹിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബാലനീതി നിയമപ്രകാരം മാനേജ്‌മെന്റ് കമ്മിറ്റികള്‍ ഏര്‍പ്പെടുത്താനാവൂ. ഓര്‍ഫനേജ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ അത് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. നിയമവുമായി സംഘര്‍ഷത്തിലുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെക്കാള്‍ കുറവ്, കരുതലും സംരക്ഷണവും വേണ്ട കുട്ടികള്‍ക്ക് നല്‍കരുതെന്നും ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായമില്ലാത്ത സ്ഥാപനങ്ങള്‍ കരുതലും സംരക്ഷണവും വേണ്ട കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കണമെന്നും പറയാനാവില്ല. മതിയായ സൗകര്യമില്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുകയും കുട്ടികള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. ഇത് ഒരു ദുരന്തമാണ്. അതിനാല്‍ സൗകര്യം ഉറപ്പുവരുത്താന്‍ വേണ്ട സഹായം നല്‍കേണ്ടത് സര്‍ക്കാരാണ്. സ്ഥാപനങ്ങളെ ഏറ്റെടുക്കാനായി സൗകര്യങ്ങളുടെ കാര്യത്തില്‍ ബലപ്രയോഗമോ പ്രേരണയോ പ്രകോപനമോ പാടില്ല. ബാലനീതി നിയമപ്രകാരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇവയുടെ മേല്‍നോട്ടം അധികൃതര്‍ക്ക് ഉറപ്പാക്കാനാണെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് ഓര്‍ഫനേജ്, അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ്‌സ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കിണാശേരി യതീംഖാന, ദാറുസ്സലാം അറബിക് കോളജ്, ദാറുന്നുജൂം ഓര്‍ഫനേജ് കമ്മിറ്റി, കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാന, മടവൂര്‍ സി എം മഖാം ഓര്‍ഫനേജ് കമ്മിറ്റി, സിസ്റ്റര്‍ ജെസ്ലിന്‍ എസ്എംസി, സിസ്റ്റര്‍ ഫിലോമിന ഡിഎസ്ടി തുടങ്ങിയവരായിരുന്നു ഹരജിക്കാര്‍.

RELATED STORIES

Share it
Top