ബാലകൃഷ്ണന്‍ വധക്കേസ്:പ്രതികളെ വെറുതെവിട്ടു

കാസര്‍കോട്: സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണ(45)നെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. മാങ്ങാട് ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത്(34), എ സുരേഷ് (29), ഉദുമ നാലാംവാതുക്കലിലെ യു ശ്രീജയന്‍(43), ആര്യടുക്കത്തെ ശ്യാംമോഹന്‍ (29), മജീദ്, ഷിബു കടവങ്ങാനം തുടങ്ങിയവരെയാണ് വിട്ടയച്ചത്. കേസിലെ ഒന്നാം പ്രതിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (28) ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വീണ് മരണപ്പെട്ടിരുന്നു. 2013 സപ്തംബര്‍ 16ന് രാത്രി തിരുവോണ നാളില്‍ ബാലകൃഷ്ണനെ സ്‌കൂട്ടര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മരണവീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി വിശ്വനും പ്രതികള്‍ക്ക് വേണ്ടി അഡ്വ. എം സി ജോസ്, സി ഹരി, മാധവന്‍ മലാങ്കാട്, വിനോദ് കുമാര്‍ ഹാജരായി.

RELATED STORIES

Share it
Top