ബാറുകളുടെ ദൂരപരിധി: മാറ്റം വരുത്തിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഫോര്‍ സ്റ്റാറിനു മുകളിലുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് 2012ല്‍ നിലവിലുണ്ടായിരുന്ന ദൂരപരിധി പുനസ്ഥാപിക്കുക മാത്രമേയുണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
2012ല്‍ 50 മീറ്ററായിരുന്നു ദൂരപരിധി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിത് 200 മീറ്ററാക്കി ഉയര്‍ത്തി.  ഇതിന് പിന്നില്‍ യുഡിഎഫിന്റെ ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടായിരുന്നു. എല്‍ഡിഎഫിന് അങ്ങനെയൊന്നില്ലാത്തതിനാലും ടൂറിസം മേഖലയുടെ നിലനില്‍പ്പ് പരിഗണിച്ചുമാണ് പഴയ ദൂരപരിധിയിലേക്ക് പോയതെന്ന് മന്ത്രി പറഞ്ഞു. മറ്റ് വിഭാഗങ്ങളിലുള്ള മദ്യശാലകളുടെ ദൂരപരിധിയില്‍ മാറ്റം വന്നിട്ടില്ല. കള്ളുഷാപ്പിന് 400 മീറ്ററും വിദേശമദ്യശാലകള്‍ക്കും ത്രീസ്റ്റാര്‍ വരെയുള്ള ബാര്‍ഹോട്ടലുകള്‍ക്കും 200 മീറ്റര്‍ തന്നെയാണ് ദൂരപരിധി. സുപ്രിംകോടതി വിധിയുടെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5155 കള്ളുഷാപ്പുകളാണ് നോട്ടിഫൈ ചെയ്തത്. ഇതില്‍ 4234 കള്ള് ഷോപ്പുകള്‍ക്ക് അംഗീകാരം നല്‍കി. നിലവില്‍ 4879 മദ്യശാലകളാണ് പ്രവര്‍ത്തിക്കുന്നത്.
യുഡിഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷത്തിനിടെ 68083  അബ്കാരി കേസുകളും ലഹരിയുമായി ബന്ധപ്പട്ട് 6042 കേസുകളും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തിനിടെ  47566 അബ്കാരി കേസുകള്‍, ലഹരി 10016, പുകയില 10374 എന്നിങ്ങനെയാണ് കേസെടുത്തതെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top