ബാര്‍ കോഴ: രൂക്ഷവിമര്‍ശനവുമായി വിജിലന്‍സ് കോടതി; കേസ് റദ്ദാക്കാന്‍ ലീഗല്‍ അഡൈ്വസര്‍ അമിതാവേശം കാട്ടി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ 18 താളുകള്‍ അടങ്ങുന്ന തുടരന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഉത്തരവില്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ലീഗല്‍ അഡൈ്വസര്‍ക്കുമെതിരേ രൂക്ഷവിമര്‍ശനമാണ് വിജിലന്‍സ് ജഡ്ജി ഡി അജിത്കുമാര്‍ ഉയര്‍ത്തിയിരിക്കുന്നത്.
2017ല്‍ ബാര്‍ കോഴക്കേസ് നടത്താനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ പി സതീശനെ സര്‍ക്കാര്‍ നിയമിച്ചു. പ്രതിയായ മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടു വിജിലന്‍സ് സമര്‍പ്പിച്ച റഫര്‍ റിപോര്‍ട്ട് പരിഗണിക്കുന്ന ദിവസം അദ്ദേഹം ഹാജരായി. എന്നാല്‍ അടുത്ത മണിക്കൂറില്‍ അദ്ദേഹത്തിന്റെ സേവനം വിജിലന്‍സ് സര്‍ക്കാരിനെക്കൊണ്ട് അവസാനിപ്പിച്ചു. തുടര്‍ന്ന് ഹാജരായ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിന്‍ തുടരന്വേഷണം ആവശ്യപ്പെട്ടു വന്ന ഹരജിക്കാരെ തടയുന്നതില്‍ പരമാവധി ജാഗ്രത പുലര്‍ത്തി.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തന്റെ മുന്‍ഗാമിയായ വൈക്കം വിശ്വനു വേണ്ടി ഹരജി നടത്തുന്നതിന്റെ യോഗ്യതയെ എതിര്‍ത്ത പെരുമാറ്റ രീതിയില്‍ നിന്നുതന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ സേവനം അവസാനിപ്പിച്ച ശേഷം പ്രോസിക്യൂഷന്‍ വിജിലന്‍സ് കോടതിയുടെ അന്തരീക്ഷം കലുഷിതമാക്കി. തെളിവില്ല എന്ന കാരണത്താല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ലീഗല്‍ അഡൈ്വസര്‍ കോടതിയുടെ മുഴുവന്‍ ദിവസവും വാദിച്ചു. തെളിവു മൂല്യം വിലയിരുത്തേണ്ടതു പോലിസിന്റെയോ, പ്രോസിക്യൂട്ടറുടേയോ പണിയല്ല. കോടതിയുടെ തുടരന്വേഷണ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അന്വേഷണ ഏജന്‍സി പാലിച്ചിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടത് കോടതിയാണ്. അതിനാല്‍ തന്നെ കേസ് റദ്ദാക്കി മാണിയെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെടുന്ന ലീഗല്‍ അഡൈ്വസറുടെ അമിതാവേശം നടപ്പായില്ല. അന്വേഷണ ഏജന്‍സി കോടതി നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നതിന്റെ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതിന്റെ ചുമതല കോടതിക്കാണ്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി കെ ഇ ബൈജുവിനെയും നിശിതമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. അഴിമതി കൃത്യത്തില്‍ നിര്‍ണായകമായ തെളിവുകള്‍ക്ക് മേല്‍ ഇരുന്നു വീണ മീട്ടേണ്ട ആവശ്യം അന്വേഷണ ഉദ്യോഗസ്ഥനില്ല. കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നു വരുത്തി എങ്ങനെയും കേസ് അവസാനിപ്പിക്കാനായി അദ്ദേഹം അമിതാവേശം കാട്ടിയതായി അനുബന്ധ റിപോര്‍ട്ടില്‍ നിന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി വിജിലന്‍സ് ജഡ്ജി ചൂണ്ടിക്കാട്ടി. സുപ്രിംകോടതിയുടെ അഞ്ചു വിധിന്യായങ്ങളും കോടതി ഉത്തരവില്‍ ഉദ്ധരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top