ബാര്‍ കോഴ: തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവുപ്രകാരം മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരേ തുടരന്വേഷണത്തിന് അനുമതി തേടി ബാറുടമ ബിജു രമേശ് ഗവര്‍ണര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും അപേക്ഷ നല്‍കി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് കെ എം മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ട് കോടതി തള്ളിയിരുന്നു. കേസ് പുനരന്വേഷിക്കുന്നതിന് ഹരജിക്കാര്‍ക്കോ വിജിലന്‍സിനോ സര്‍ക്കാരിന്റെ അനുമതി നേടാമെന്നു കോടതി പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് ബിജു രമേശ് അനുമതി തേടിയത്.
അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പുതിയ ഭേദഗതിപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയേ കേസെടുക്കാനോ പുനരന്വേഷണത്തിനോ സാധിക്കൂ. കേസ് ഡിസംബര്‍ 10ന് വീണ്ടും പരിഗണിക്കും. യുഡിഎഫ് ഭരണകാലത്ത് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ രണ്ട് റിപോര്‍ട്ടുകള്‍ കോടതി തള്ളിയിരുന്നു.RELATED STORIES

Share it
Top