ബാര്‍ കോഴ: കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിയ റിപോര്‍ട്ട് തള്ളണമെന്ന ഹരജികള്‍ പരിഗണിക്കുന്നത് ജൂണ്‍ 6ലേക്ക് മാറ്റി. കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപോര്‍ട്ട് പരിഗണിക്കവെ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍ കോടതിയില്‍ ഹാജരായതാണ് പ്രശ്‌നത്തിനു കാരണം.
മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപോര്‍ട്ട് തന്റെ അറിവോടെയല്ലെന്ന നിലപാടെടുത്ത ആളായിരുന്നു കെ പി സതീശന്‍. ഇങ്ങനെ നിലപാടെടുത്ത ഒരാള്‍ കോടതിയില്‍ ഹാജരാവുന്നത് ശരിയല്ലെന്ന് വിജിലന്‍സ് നിയമോപദേശകന്‍ പി സി അഗസ്റ്റിന്‍ വാദമുന്നയിച്ചു. മാണിയുടെ അഭിഭാഷകനും ഇക്കാര്യം ആവര്‍ത്തിച്ചു. വാക്കേറ്റം രൂക്ഷമായതോടെ വിഷയത്തില്‍ ഇടപെട്ട കോടതി പി സി അഗസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെ പി സതീശന്‍ നിയമിതനായതിന്റെ രേഖകള്‍ കോടതിക്കു മുന്നിലുണ്ടെന്നും അദ്ദേഹം ഹാജരായാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നും കോടതി ചോദിച്ചു. ഇതിനിടെ മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് നടപടിക്കെതിരേ ആറു ഹരജികളാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിക്കു മുന്നില്‍ എത്തിയത്. വി എസ് അച്യുതാനന്ദന്‍, ബിജെപി നേതാവ് വി മുരളീധരന്‍, ബാര്‍ ഉടമ ബിജു രമേശ്, സിപിഐ അഭിഭാഷക സംഘ—ടനയ്ക്കു വേണ്ടി വിജു എന്നിവരടക്കം നല്‍കിയ ഹരജികളാണ് ഇന്ന് കോടതിക്കു മുന്നിലെത്തിയത്.
കേസില്‍ ജൂണ്‍ 6ന് വീണ്ടും വാദം കേള്‍ക്കും. കഴിഞ്ഞ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കേസില്‍ മന്ത്രി വി എസ് സുനില്‍ കുമാറും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍, ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ ഇരുവരുടെയും അഭിഭാഷകര്‍ ഹാജരായില്ല. ഇതോടെ ഇരുവര്‍ക്കും നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.

RELATED STORIES

Share it
Top