ബാര്‍ബര്‍ഷോപ്പുടമയെ മര്‍ദ്ദിച്ച സംഭവംമൂന്നുപേര്‍ അറസ്റ്റില്‍; സിഐയെകൈയേറ്റം ചെയ്യാന്‍ ശ്രമം

എരുമേലി: ബാര്‍ബര്‍ ഷോപ്പുടമയെ മര്‍ദിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ രഹസ്യമായി നാട്ടിലെത്തി പൊതുസ്ഥലത്ത് മദ്യപിക്കുന്നത് അറിഞ്ഞ് പോലിസ് എത്തി പിടികൂടിയപ്പോള്‍ വാക്കേറ്റവും കൈയാങ്കളിയും. എരുമേലി കെഎസ്ആര്‍ടിസി സ്റ്റാന്റിലാണ് സംഭവം. സംഭവത്തില്‍ ചാത്തന്‍തറ കണ്ണംതാനം തൗഫീഖ് (28), സുഹൃത്ത് കൊല്ലമുള കൈക്കോട്ട് ഹരിപ്രസാദ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിടികൂടിയപ്പോള്‍ ഇവര്‍ക്കൊപ്പം പോലിസുകാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഇവരുടെ സുഹൃത്ത് ചാത്തന്‍തറ കൊല്ലാറാത്ത് രാജേഷ് മോഹനെ(28)യും അറസ്റ്റ് ചെയ്‌തെന്നു പോലിസ് പറഞ്ഞു. മുക്കൂട്ടുതറയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന തുമരംപാറ താഴത്താക്കല്‍ രമേശിനെ മര്‍ദിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളാണ് തൗഫീഖും ഹരിപ്രസാദെന്നുമെന്ന് പോലിസ് പറഞ്ഞു. ഈ കേസില്‍ ഒളിവിലായ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. പ്രതികളെ പിടികൂടുന്നതിനിടെ മണിമല സിഐയും എരുമേലി സ്റ്റേഷന്‍ ഹൗസ് ഓഫിസറുമായ ടി ഡി സുനില്‍കുമാറിനു നേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്. ബലം പ്രയോഗിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് പോലിസ് പറയുന്നു. മരിച്ചയാള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫേസ്ബുക്കില്‍ നല്‍കിയ പോസ്റ്റിന് മോശമായ അഭിപ്രായം കമന്റായി നല്‍കിയെന്ന് ആരോപിച്ചാണ് പ്രതികള്‍ രമേശിനെ പതിയിരുന്ന് ആക്രമിച്ചതെന്നു പോലിസ് പറഞ്ഞു. തലയില്‍ ഗുരുതരമായി പരിക്കേറ്റ രമേശ് ദിവസങ്ങളോളം വിദഗ്ധ ചികില്‍സയില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടത്. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top