ബാബു വധം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാഹി: സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട കേസില്‍ ഏഴാംദിവസം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെണ്ടയാട് നിള്ളങ്ങല്‍ സ്വദേശി ജെറിന്‍ സുരേഷ് (31), ചൊക്ലി സ്വദേശി നിജേഷ് (34), പന്തക്കല്‍ ശരത്ത് (31) എന്നിവരെയാണ് മാഹി അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ മാഹി ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്കു മാറ്റി. കൊലയ്ക്ക് ഉപയോഗിച്ച വടിവാളും കണ്ടെത്തി.
ജെറിന്‍ സുരേഷിനെ കഴിഞ്ഞദിവസം പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പള്ളൂര്‍ നടവയല്‍ റോഡ് ഭാഗത്തെ 12 ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍നിന്നാണ് നിജേഷിന്റെയും ശരത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും നിജേഷ് കൊലക്കുറ്റം സമ്മതിച്ചതായും അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് അറിയിച്ചു. സംഭവദിവസം രാത്രി ശരത്തും മറ്റൊരു പ്രതി രജീഷും പള്ളൂര്‍ ടൗണിലെത്തി. പിന്നാലെ ജെറിന്‍ കാറുമായി വന്നു. രണ്ടുപേരും കാറില്‍ കയറി സംഭവസ്ഥലത്തെത്തിയാണ് കൃത്യം നിര്‍വഹിച്ചതെന്ന് നിജേഷ് മൊഴി നല്‍കി. രജീഷ് ഉള്‍പ്പെടെ നാലുപേര്‍ കൂടി കേസിലുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top