ബാബു വധം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

മാഹി: സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പാനൂര്‍ ചെണ്ടയാട് നിള്ളങ്ങല്‍ സ്വദേശി ജെറിന്‍ സുരേഷി(28)നെയാണ് പിടികൂടിയത്.
പിണറായി പടന്നക്കര സ്വദേശിനിയുമായി ജെറിന്റെ വിവാഹമായിരുന്നു ഇന്നലെ. താലികെട്ട് ചടങ്ങുകള്‍ക്കായി ബന്ധുക്കളോടൊപ്പം വധൂഗൃഹത്തിലേക്ക് പോകവെയാണ്  സിഐ അറിവരശന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ വിവാഹം മുടങ്ങി. ബന്ധുക്കളും ബിജെപി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പള്ളൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചെങ്കിലും യുവാവിനെ വിടാന്‍ തയ്യാറായില്ല. ജെറിന്റെ കസ്റ്റഡി സംബന്ധിച്ച് പോലിസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ബാബു വധവുമായി ബന്ധപ്പെട്ട് ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗം വിജയന്‍ പൂവച്ചേരി ഉള്‍പ്പെടെ നാലുപേരെ കഴിഞ്ഞദിവസം പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ജെറിനെ സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് സൂചന. ബാബു കണ്ണിപ്പൊയിലിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെയും ഘാതകര്‍ക്കായി അന്വേഷണം തുടരുകയാണ്.
പുതുച്ചേരി, കേരള പോലിസ് വിവരങ്ങള്‍ പരസ്പരം കൈമാറിയാണ് അന്വേഷണം.

RELATED STORIES

Share it
Top