ബാബരി മസ്ജിദ് ഭൂമി തര്‍ക്കം: കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നതില്‍ വിധി 28ന്‌

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഭരണഘടനാ ബെഞ്ചിനു വിടണമോ എന്ന കാര്യത്തില്‍ സുപ്രിംകോടതി വെള്ളിയാഴ്ച വിധിപറയും. 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ ഉത്തരവ് സുപ്രിംകോടതിയുടെ വിശാല ബെഞ്ച് വീണ്ടും പരിഗണിക്കണമോ എന്ന കാര്യത്തിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇതോടൊപ്പം വിധിപറയും.
നമസ്‌കരിക്കുന്നതിനായി പള്ളി നിര്‍ബന്ധമില്ലെന്നും ഇസ്‌ലാമില്‍ പള്ളി അവിഭാജ്യ ഘടകമല്ലെന്നുമുള്ള ഇസ്മാഈല്‍ ഫാറൂഖി വിധി പുനപ്പരിശോധിക്കണമോ എന്ന കാര്യത്തിലാണ് വെള്ളിയാഴ്ച വിധി പറയുക.
ആഴ്ചകള്‍ നീണ്ട വാദത്തിനൊടുവില്‍ ജൂലൈ 20ന് കേസ് വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയ് മാസത്തിലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന 14 ഹരജികളാണ് ബെഞ്ച് മുമ്പാകെയുള്ളത്. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലീല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. ബാബരി മസ്ജിദ് വിഷയത്തിലെ പ്രധാന കേസുകൂടുയാണിത്.
അടുത്തമാസം 2നു വിരമിക്കും മുമ്പ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ വാദം പൂര്‍ത്തിയായ എട്ടു പ്രധാന കേസുകളില്‍ അടുത്ത ദിവസങ്ങളില്‍ വിധി പ്രഖ്യാപനമുണ്ടാവും. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളില്‍ പുറപ്പെടുവിക്കുന്ന വിധിയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിലെ സംവരണം, സുപ്രിംകോടതി നടപടികളുടെ തല്‍സമയം സംപ്രേഷണം, ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ ആജീവനാന്തം തിരഞ്ഞെടുപ്പുകളില്‍ നിന്നു വിലക്കല്‍ തുടങ്ങിയ കേസുകളിലും വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ പുരുഷന്‍ കുറ്റക്കാരനും സ്ത്രീ ഇരയുമാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് പുനപ്പരിശോധിക്കണമെന്ന ഹരജിയും ജനപ്രതിനിധികള്‍ അഭിഭാഷകരാവുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും അഞ്ചു ദിവസത്തിനുള്ളില്‍ വിധി പറയും.

RELATED STORIES

Share it
Top