ബാബരി മസ്ജിദ് ഭൂമി കേസ് 13നു പരിഗണിക്കും

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച കേസ് 13നു സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ഇന്നലെ മുസ്‌ലിം സംഘടനകളുടെ വാദം കേ ള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം 13നു വീണ്ടും പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയായിരുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി മൂന്നായി ഭാഗിച്ച് പരിഹാരം കാണാമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 13 ഹരജികളിലാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് എ നസീര്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വാദം കേള്‍ക്കുന്നത്.
അഭിഭാഷകനായ രാജീവ് ധവാനാണ് മുസ്‌ലിം സംഘടനകള്‍ക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്. മസ്ജിദുകള്‍ നിര്‍മിച്ചിരിക്കുന്നത് തമാശക്കായല്ലെന്നും നൂറുകണക്കിനുപേരാണ് അവിടെ ആരാധനയ്ക്കായെത്തുന്നതെന്നും അഭിപ്രായപ്പെട്ട ധവാന്‍ വിശ്വാസികളുടെ ആവശ്യങ്ങള്‍ ഈ വിഷയത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നില്ലേ എന്ന് ആരാഞ്ഞു. മസ്ജിദുകളെ മതത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിക്കുന്നില്ലെങ്കില്‍ അത് ഇസ്‌ലാമിന്റെ തകര്‍ച്ചയ്ക്കു കാരണമാവുമെന്നും ധവാന്‍ അഭിപ്രായപ്പെട്ടു.
നേരത്തേ വേനലവധിക്കു മുമ്പ് മെയ് 17ന് കേസ് പരിഗണിച്ച കോടതി ഹിന്ദു സംഘടനകള്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചിരുന്നു. മസ്ജിദുകള്‍ ഇസ്‌ലാം മതവിശ്വാസികളുടെ ആരാധനയുമായി ബന്ധപ്പെട്ട അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി പുനപ്പരിശോധനയ്ക്കായി വിശാല ബെഞ്ചിനു വിടണമെന്നാവശ്യപ്പെട്ടുള്ള ഹരജിക്കെതിരേയാണ് ഹിന്ദു സംഘടനകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. വിശാല ബെഞ്ചിന് വിടാതെ നിലവിലെ മൂന്നംഗ ബെഞ്ച് തന്നെ കേസ് പരിഗണിക്കണമെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുന്നത്. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം കേസ് വിശാല ബെഞ്ചിനു വിടണമെന്ന്  കോടതി വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top