ബാബരി മസ്ജിദ് തര്‍ക്കം: കോടതി വിധി കാത്തിരിക്കുന്നു- സല്‍മാന്‍ നദ്‌വി

ലഖ്‌നോ:  ബാബരി മസ്ജിദ് തര്‍ക്ക വിഷയത്തില്‍ നിലപാട് മാറ്റി അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്(എഐഎംപിഎല്‍ബി) മുന്‍ അംഗം മൗലാനാ സല്‍മാന്‍ നദ്‌വി.  വ്യാഴാഴ്ച ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നദ്‌വിയുടെ പ്രതികരണം.
അയോധ്യ പ്രശ്‌നപരിഹാരത്തിന് സുപ്രിംകോടതി വിധി താനും കാത്തിരിക്കുന്നു. കോടതിക്ക് പുറത്ത് ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തില്‍നിന്ന് പിന്‍മാറുന്നതായി അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം ഹിന്ദുക്കളും മുസ്‌ലിംകളും കോടതിക്കു പുറത്തുള്ള തീര്‍പ്പിന് എതിരാണ്. തന്റെ നിലപാട് വലിയൊരു വിഭാഗത്തെ തനിക്ക് എതിരാക്കി. അതുകൊണ്ട് തന്നെ രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാനുള്ള ശ്രമത്തില്‍നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ ശ്രീ രവിശങ്കറുമായി താന്‍ പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രണ്ട് തവണ വീഡിയോ കോണ്‍ഫറന്‍സിലൂടെയും രണ്ട് തവണ നേരിട്ടും. വ്യക്തിനിയമ ബോര്‍ഡിലേക്ക് തിരിച്ചുപോവാന്‍ താന്‍ തയ്യാറാണ്. എന്നാല്‍, ബോര്‍ഡ് അംഗങ്ങളായ അസദുദ്ദീന്‍ ഉവൈസി, കമാല്‍ ഫാറൂഖി, ഖാസിം റസൂല്‍, യൂസഫ് മച്ചാല എന്നിവരെ പുറത്താക്കിയാല്‍ മാത്രമേ താന്‍  തയ്യാറുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാബരി മസ്ജിദ് അയോധ്യയില്‍നിന്നു മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതിനെ തുടര്‍ന്നാണ് നിര്‍വാഹക സമിതി അംഗമായിരുന്ന മൗലാനാ സല്‍മാന്‍ നദ്‌വിയെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പുറത്താക്കിയത്.

RELATED STORIES

Share it
Top