ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ നരസിംഹ റാവു തയ്യാറായില്ല: ശരദ് പവാര്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന് താല്‍പര്യമില്ലായിരുന്നെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഈയിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയിലാണ് പവാര്‍ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവായ ശരദ് പവാര്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പടുന്ന സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നു.
ബാബരി മസ്ജിദിന്റെ തകര്‍ച്ച, നേതാവ് എന്ന നിലയിലുള്ള നരസിംഹ റാവുവിന്റെ ദൗര്‍ബല്യത്തെ പുറത്ത് കൊണ്ടു വന്നു. മസ്ജിദ് തകരാന്‍ റാവു ആഗ്രഹിച്ചില്ലെങ്കിലും തകര്‍ച്ച തടയാനാവശ്യമായ പ്രാഥമിക കാര്യങ്ങള്‍ പോലും കൈക്കൊണ്ടില്ല. വിശ്വഹിന്ദു പരിഷത്ത് അയോദ്ധ്യയില്‍ കര്‍സേവ നടത്തുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം താന്‍ നരസിംഹ റാവുവിനോട് ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പ്രദേശത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സൈനിക വിഭാഗങ്ങളെ വിന്യസിക്കണമെന്ന തന്റെ ആവശ്യം റാവു അംഗീകരിച്ചില്ലെന്നും പവാര്‍ വ്യക്തമാക്കുന്നു.
സൈന്യത്തെ വിന്യസിക്കണമെന്ന തന്റെ നിര്‍ദേശം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ ആറിന് അയോധ്യയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ സൈന്യത്തിലെ ഇന്റലിജന്‍സ് വിഭാഗത്തോട് താന്‍ ഉത്തരവിട്ടു. അതിനെ തുടര്‍ന്ന് കര്‍സേവകര്‍ മസ്ജിദ് പൊളിക്കുന്ന രംഗങ്ങളും നേതാക്കള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ പകര്‍ത്തപ്പെട്ടെന്നും പവാര്‍ വ്യക്തമാക്കുന്നു. മസ്ജിദിന്റെ തകര്‍ച്ച ആഭ്യന്തര സെക്രട്ടറി പ്രധാനമന്ത്രി റാവുവിനോട് വിശദീകരിക്കുന്ന സമയത്ത് റാവു കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയാതെ പരിഭ്രമിച്ചതു പോലെ കാണപ്പെട്ടെന്നും ആത്മകഥയില്‍ പറയുന്നു.

RELATED STORIES

Share it
Top