ബാബരി മസ്ജിദ് ഗൂഢാലോചനാ കേസ് ; വിചാരണക്കോടതിയില്‍ നിന്ന് റിപോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ക്കെതിരേയുള്ള ഗൂഢാലോചനാക്കുറ്റ കേസിന്റെ വിചാരണാ നടപടികള്‍ സംബന്ധിച്ച് സുപ്രിംകോടതി ലഖ്‌നോയിലെ വിചാരണക്കോടതിയില്‍ നിന്നു റിപോര്‍ട്ട് തേടി.
വിചാരണാ നടപടികളുടെ തല്‍സ്ഥിതി റിപോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നാണ് സെഷന്‍സ് ജഡ്ജി എസ് കെ യാദവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ അടുത്ത വര്‍ഷം ഏപ്രിലിനു മുമ്പ് പൂര്‍ത്തിയാക്കണമെന്നു കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
വിചാരണക്കോടതി ജഡ്ജി എസ് കെ യാദവിന് യുപിയിലെ ബിജെപി സര്‍ക്കാര്‍ നേരത്തേ സ്ഥാനക്കയറ്റം നല്‍കിയിരുന്നു.
എന്നാല്‍, ബാബരി കേസില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതു വരെ ജഡ്ജിയെ മാറ്റരുതെന്ന സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി, സര്‍ക്കാരിന്റെ തീരുമാനം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിചാരണ പൂര്‍ത്തിയാവുന്നതു വരെയാണ് സ്ഥാനക്കയറ്റം തടഞ്ഞത്.
എന്നാല്‍, ഹൈക്കോടതിയുടെ നടപടിക്കെതിരേ എസ് കെ യാദവ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. എസ് കെ യാദവിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി ഇന്നലെ വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിട്ടുണ്ട്. 2017 ഏപ്രില്‍ 19നാണ് അഡ്വാനിയും ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെ 12 സംഘപരിവാര നേതാക്കള്‍ക്കെതിരേ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനാ കുറ്റം പുനസ്ഥാപിച്ച് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top