ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനായി സമര്‍പ്പിച്ച ഹരജികള്‍ തള്ളി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള കേസില്‍ കക്ഷിചേരാനായി സമര്‍പ്പിച്ച എല്ലാ ഹരജികളും സുപ്രിംകോടതി തള്ളി. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, സാമൂഹിക പ്രവര്‍ത്തക ടീസ്താ സെറ്റില്‍വാദ്, അപര്‍ണാ സെന്‍ എന്നിവരുടേതടക്കം 32 ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് തള്ളിയത്. അലഹബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേരാനുള്ള ഹരജിക്കാരുടെ വാദം മാത്രമേ പരിഗണിക്കൂവെന്നും കോടതി അറിയിച്ചു.
കേസില്‍ കക്ഷിചേരാനായി ഇനി നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ഈ കേസ് ഭരണഘടനാപരമായ കേസല്ലെന്നും സിവില്‍ കേസാണെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. അതേസമയം, രാജ്യത്തെ മതേതര സംവിധാനത്തിനു മാന്യതയുണ്ടെങ്കില്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നു സുന്നി വഖ്ഫ് ബോര്‍ഡ് അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ രാജീവ് ധവാന്‍ പറഞ്ഞു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നും രാജീവ് ധവാന്‍ ഇന്നലെ ആവശ്യപ്പെട്ടു.
മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭരണഘടനാ ബെഞ്ചിന് വിടണമെന്ന കാര്യത്തില്‍ വാദം കേള്‍ക്കാമെന്നു കോടതി വ്യക്തമാക്കി. ഈ കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ ആവശ്യമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ ഉത്തരവിറക്കുന്നതിനോട് യോജിപ്പാണെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുസ്‌ലിംകള്‍ക്ക് എവിടെ വച്ചും നമസ്‌കരിക്കാമെന്ന, മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിയാവും ഈ വിഷയത്തില്‍ കോടതി പരിശോധിക്കുക. അതിനാല്‍, എന്താണ് പള്ളിയുടെ അര്‍ഥമെന്ന് കോടതി തീരുമാനിക്കണമെന്നും എല്ലാ പള്ളിയും വിശ്വാസത്തിന്റെ ഭാഗമാണെന്നും ധവാന്‍ വാദിച്ചു. എന്തുകൊണ്ടാണ് ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ഹിന്ദുക്കളെ മാത്രം പ്രാര്‍ഥന നിര്‍വഹിക്കാന്‍ അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേസില്‍ കോടതിക്കു പുറത്ത് മധ്യസ്ഥ ചര്‍ച്ച നടത്തി ഇരുകക്ഷികള്‍ക്കും രമ്യമായ പരിഹാരം കാണാമെന്നു കോടതി വ്യക്തമാക്കി. എന്നാല്‍, ഇതിന് കോടതി സമ്മര്‍ദം ചെലുത്തില്ല. ഇരുകക്ഷികളും രഞ്ജിപ്പിലെത്തിയാല്‍ അതിനെ പിന്തുണയ്ക്കും. കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിലെത്തണമെന്ന് ഉത്തരവിടാന്‍ കോടതിക്കാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസില്‍ ഈ മാസം 23നു വാദം കേള്‍ക്കല്‍ തുടരും. സുബ്രഹ്മണ്യസ്വാമിയുടെ ഹരജി ബാബരി മസ്ജിദ് കേസിനൊപ്പമല്ലാതെ പ്രത്യേകം ഹരജിയായി പരിഗണിക്കാമെന്നായിരുന്നു  ബെഞ്ചിന്റെ പ്രതികരണം.

RELATED STORIES

Share it
Top