ബാബരി: ഭൂമി ഉടമസ്ഥാവകാശ കേസില്‍ നാളെ വാദം തുടങ്ങും

ന്യൂഡല്‍ഹി: ഫൈസാബാദില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ നാളെ സുപ്രിംകോടതിയില്‍ വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണു വാദം നടക്കുക.
കേസ് സുപ്രിംകോടതിയുടെ ഏഴംഗ വിശാല ബെഞ്ചിലേക്കു വിടേണ്ടെന്നു കഴിഞ്ഞമാസം 27ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഈ ബെഞ്ചില്‍ അംഗങ്ങളായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരെ മാറ്റിയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. മൂന്നംഗബെഞ്ചില്‍ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ടു വിധിന്യായം പുറപ്പെടുവിച്ചിരുന്നു.
1992 ഡിസംബര്‍ 6ന് സംഘപരിവാര കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന 14 ഹരജികളാണ് ബെഞ്ച് പരിഗണിക്കുന്നത്.
പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതി വിവാദ വിധി പ്രസ്താവിച്ചത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രധാനകേസാണിത്.

RELATED STORIES

Share it
Top