ബാബരി കേസ് വിധി ആഹ്ലാദകരം : അബ്ദുല്ലക്കോയ മദനിപട്ടാമ്പി: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരെ വിചാരണയ്ക്ക് വിധേയമാക്കണമെന്ന സുപ്രിം കോടതി വിധി നിയമവാഴ്ചയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്നതാണെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി. ഐഎസ്എം സന്ദേശയാത്രയുടെ സമാപന സമ്മേളനം പട്ടാമ്പിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലും നിയമവാഴ്ചയിലും വിശ്വസിക്കാത്ത വിഘടനവാദികള്‍ക്ക് കൂട്ട്‌നില്‍ക്കരുതെന്നും രാജ്യത്തെ സൈന്യത്തെ നിര്‍വീര്യമാക്കാനുള്ള വിഘടനവാദികളുടെ ശ്രമം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കാനുള്ള ഫാഷിസ്റ്റ് നീക്കം രാജ്യത്തിന് അപമാനമാണ്. മനുഷ്യരെ ഭിന്നിപ്പിക്കുകയും ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പശുരാഷ്ട്രീയം ആപത്താണ്. രാജ്യത്തെ വര്‍ഗീയ-വിദ്വേഷ രാഷ്ട്രീയത്തി ല്‍ നിന്ന് രക്ഷിക്കാന്‍ വിശാലമായ മതേതര ഐക്യം ഉണ്ടാവണമെന്നും ടി പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി. വക്കം മൗലവി, കെ എം മൗലവി, കെ എം സീതി സാഹിബ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയ പരിഷ്‌കര്‍ത്താക്കള്‍ അടിത്തറ പാകിയ കേരളത്തിലെ മുസ്‌ലിം നവോത്ഥാന പരിസരം മലിനമാക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക പിന്തിരിപ്പന്‍ ശക്തികളെ കരുതിയിരിക്കണം. മതത്തിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക, ലൈംഗിക ചൂഷണങ്ങള്‍ വിശ്വാസി സമൂഹത്തിന് അപമാനമാണ്. നേര്‍ച്ചകളുടെയും പൂരങ്ങളുടെയും പേരില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നത് മനുഷ്യരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്നത് ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ആത്മീയതയില്‍ ആകൃഷ്ടരായി രാജ്യംവിടുന്ന പ്രവണത അപകടമാണ്. ഇസ്‌ലാമിക് സ്റ്റേറ്റ്, അല്‍ഖായിദ തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങള്‍ പരാജയം മറച്ചുവയ്ക്കാനാണ് പുതിയ ചാവേറാക്രമണങ്ങള്‍ നടത്തുന്നത്. ലോകത്ത് ക്രിസ്ത്യന്‍-മുസ്‌ലിം സൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഇസ്‌ലാമിന്റെ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top