ബാണാസുരസാഗര്‍ ഡാമില്‍ നിന്ന് വെള്ളം നല്‍കിത്തുടങ്ങി

പടിഞ്ഞാറത്തറ: വരള്‍ച്ച രൂക്ഷമായതോടെ ബാണാസുരസാഗര്‍ ഡാം റിസര്‍വോയറില്‍ നിന്നു ഷട്ടറുകളോട് ചേര്‍ന്നുള്ള വാല്‍വുകള്‍ തുറന്ന് വെള്ളം തുറന്നുവിടാന്‍ തുടങ്ങി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള മുള്ളങ്കണ്ടി ശുദ്ധജല പദ്ധതിക്കായി വെള്ളം ശേഖരിക്കുന്ന പുഴ വറ്റിയതോടെയാണ് ഡാം റിസര്‍വോയറില്‍ നിന്നു വെള്ളം തുറന്നുവിട്ടത്.
കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ജില്ലാ കലക്ടറെ കണ്ട് ഡാം റിസര്‍വോയറില്‍ നിന്നു പുഴയിലേക്ക് വെള്ളം തുറന്നുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഇന്നലെ വൈകീട്ട് മുതല്‍ ഡാം റിസര്‍വോയറില്‍ നിന്നു വെള്ളം തുറന്നുവിടാന്‍ തുടങ്ങിയത്. പ്രതിദിനം 25,000 മീറ്റര്‍ ക്യൂബ് വെള്ളമാണ് തുറന്നുവിടുക. റിസര്‍വോയറില്‍ 765.1 മീറ്റര്‍ വെള്ളം നിലവിലുണ്ട്. വൈദ്യുതി ഉല്‍പാദനത്തിനായി കക്കയത്തേക്ക് വെള്ളം നല്‍കുകയും ചെയ്യുന്നു. മുന്‍വര്‍ഷങ്ങളിലും ഈ കാലയളവില്‍ കുടിവെള്ളത്തിനായി ഡാമിലെ വെള്ളം പുഴയിലേക്ക് നിയന്ത്രണവിധേയമായി തുറന്നുവിട്ടിരുന്നു. മഴ തുടങ്ങുന്നതു വരെ നിശ്ചിത അളവില്‍ വെള്ളം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top