ബാണാസുരസാഗര്‍ ഡാം ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: ശക്തമായ മഴയെ തുടര്‍ന്നു സംഭരണശേഷിയുടെ പൂര്‍ണ തോതിലെത്തിയ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്നലെ ഉച്ചയ്ക്കു മൂന്നോടെയാണ് രണ്ടു ഷട്ടറുകള്‍ വീതം 20 സെന്റിമീറ്റര്‍ തുറന്നത്. സെക്കന്റില്‍ 15 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്. മഴ ശക്തമാവുകയാണെങ്കില്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരുമെന്ന്് അധികൃതര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മാനന്തവാടി താലൂക്കിലെ വില്ലേജ് ഓഫിസര്‍മാര്‍ക്കും മുന്നറിയിപ്പുണ്ട്. അവസാനമായി 2015ലാണ് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 775.60 എംഎസ്എല്‍ ആണ്. ഇന്നലെ രാവിലെ തന്നെ 775.20 എംഎസ്എല്‍ എന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 762.70 എംഎസ്എല്‍ വെള്ളം മാത്രമാണ് അണക്കെട്ടിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ മാത്രം 61 മില്ലിമീറ്റര്‍ മഴയാണ് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു.
ശക്തമായ മഴയ്ക്കു ശമനം വന്നതോടെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 44ല്‍ നിന്നും 28 ആയി കുറഞ്ഞിട്ടുണ്ട്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ 520 കുടുംബങ്ങളില്‍ നിന്നും 2,086 പേര്‍ വിവിധ ക്യാംപുകളില്‍ താമസിക്കുന്നുണ്ട്.
ജില്ലയില്‍ ഇന്നലെ ശരാശരി മഴ 37.37 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇതുവരെ 336 വീടുകള്‍ക്കു കാലവര്‍ഷക്കെടുതിയില്‍ ഭാഗികമായി നാശം സംഭവിച്ചു.
12 വീടുകള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്. ജില്ലയിലെ രണ്ടാമത്തെ വലിയ റിസര്‍വോയറായ കാരപ്പുഴയില്‍ ഇതുവരെ രേഖപ്പെടുത്തിയ ജലനിരപ്പ് 758.2 മീറ്ററാണ്.

RELATED STORIES

Share it
Top