ബാഡ്ജ് നിര്‍ബന്ധമില്ലെന്ന സുപ്രിംകോടതി വിധി നടപ്പായില്ല

കാസര്‍കോട്്: 7500 കിലോയ്ക്ക് താഴെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജ് ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധി വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഇത് നടപ്പിലായില്ല. 7500 കിലോയ്ക്ക് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമേ ബാഡ്്ജ് നിര്‍ബന്ധമാക്കേണ്ടതുള്ളുവെന്നായിരുന്നു സുപ്രിംകോടതി വിധി.
എല്‍എംവി ഇനത്തില്‍പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജ് നിര്‍ബന്ധമില്ലെന്ന് ഇതോടെ വ്യക്തമായിരുന്നു. ബസുകള്‍, ട്രക്കുകള്‍, ലോറികള്‍ തുടങ്ങിയ ആറുചക്രവാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ബാഡ്ജ് നിര്‍ബന്ധമുള്ളുവെന്നായിരുന്നു സുപ്രിംകോടതി വിധി. എന്നാല്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഈ ഉത്തരവ് നടപ്പിലാക്കാന്‍ ഇനിയും തയ്യാറായിട്ടില്ല.
ലക്ഷക്കണക്കിന് രൂപയാണ് ഓരോ ആര്‍ടി ഓഫിസുകളിലും ബാഡ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ലഭിക്കുന്നത്. ഈ പണം ഖജനാവിലെത്തിക്കാനാണ് സുപ്രിംകോടതി ഉത്തരവ് ലംഘിക്കുന്നതെന്നാണ് ആരോപണം. ജില്ലയില്‍ കാസര്‍കോട് ആര്‍ടിഒ ഓഫിസും കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ ഓഫിസിലുമായി ഓരോ ദിവസവും നൂറുകണക്കിന് അപേക്ഷകളാണ് ഇപ്പോഴും സ്വീകരിക്കുന്നത്. ഇതിന് നിശ്ചിത തുക ഫീസായി ഈടാക്കുകയും ചെയ്യുന്നുണ്ട്.
വാഹന പരിശോധനക്കിടയില്‍ 7500 കിലോയ്ക്ക് താഴെയുള്ള വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജ് ഇല്ലെങ്കില്‍ പോലിസും ആര്‍ടിഒ ഉദ്യോഗസ്ഥരും വന്‍തുക പിഴ ചുമത്തുന്നുണ്ട്. സുപ്രിംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ വാഹന പരിശോധന നടത്തുമ്പോള്‍ 7500 കിലോയ്ക്ക് താഴെ ഭാരമുള്ള വാഹന ഡ്രൈവര്‍മാരില്‍ നിന്ന് ബാഡ്ജിന്റെ പേരില്‍ പിഴ ഈടാക്കുന്നില്ലെന്ന് കാസര്‍കോട് ആര്‍ടിഒ തേജസിനോട് പറഞ്ഞു. നിയമം വന്നിട്ട് ഒരു വര്‍ഷമായിട്ടും സംസ്ഥാനത്ത് ഇത് പ്രാവര്‍ത്തികമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top