ബാങ്ക് അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപം; മനപ്പൂര്‍വമെന്ന് എസ്ബിഐ

മലപ്പുറം: കോട്ടക്കല്‍ എസ്ബിഐ ബ്രാഞ്ചില്‍ ഉടമകള്‍ അറിയാതെ അക്കൗണ്ടുകളില്‍ കോടികള്‍ നിക്ഷേപിച്ചത് തങ്ങള്‍ മനപ്പൂര്‍വം ചെയ്തതാണെന്ന് എസ്ബിഐ ബാങ്ക് അധികൃതര്‍. കെവൈസി നിബന്ധന പ്രകാരമുള്ള രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിനു വേണ്ടിയായിരുന്നുവത്രേ ഇത്. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടപടിയെന്നും എസ്ബിഐ അറിയിച്ചു. 19 കോടി രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ 97 ലക്ഷം രൂപ വന്ന സംഭവം കോട്ടക്കല്‍ സ്വദേശി വെളിപ്പെടുത്തിയതോടെയാണ് കൂടുതല്‍ പേര്‍ പണം വന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ബാങ്ക് അവധിയായതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും സാധിച്ചിരുന്നില്ല. സംഭവം വിവാദമായതോടെയാണ് അക്കൗണ്ടിലേക്കു പണമിട്ടത് മനപ്പൂര്‍വമാണെന്ന വാദവുമായി എസ്ബിഐ രംഗത്തെത്തിയത്. ഇരുപതോളം പേരാണ് അധിക തുക അക്കൗണ്ടില്‍ വന്നതായി അറിയിച്ചത്.
അസാധാരണമായ ഇടപാടിന്റെ പശ്ചാത്തലത്തില്‍ അക്കൗണ്ട് മരവിപ്പിച്ചതോടെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയാത്ത സ്ഥിതിയിലായി പലരും.
കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ശമ്പളം പരിശോധിക്കാനായി എടിഎമ്മില്‍ കയറിയപ്പോഴാണ് വന്‍തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയത്.
ചിലര്‍ക്ക് ഇതു സംബന്ധിച്ച എസ്എംഎസും ലഭിച്ചിരുന്നു. അക്കൗണ്ട് മരവിപ്പിച്ചതോടെ ഉപഭോക്താക്കളുടെ വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചാണ് അത്യാവശ്യക്കാര്‍ക്ക് പണം എടുക്കാന്‍ ബാങ്ക് അനുവദിച്ചത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുള്ളതായി അക്കൗണ്ട് ഉടമകള്‍ ആരോപിച്ചു.

RELATED STORIES

Share it
Top