ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതായി പരാതി

കാസര്‍കോട്: ദേശസാല്‍കൃത ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതായി പരാതി. ടെക്‌നിക്കല്‍, പ്രഫഷണല്‍ കോഴ്‌സുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഫീസ് ഇനത്തിലും ഹോസ്റ്റല്‍ ഇനത്തിലും ആവശ്യമായ തുക ബാങ്കുകള്‍ വായ്പയായി നല്‍കാറുണ്ടായിരുന്നു.
കാസര്‍കോട് ജില്ലയിലെ ഭൂരിഭാഗം കുട്ടികളും ഉന്നത പഠനത്തിന് കര്‍ണാടകയെയാണ് ആശ്രയിക്കുന്നത്. കര്‍ണാടകയില്‍ വിവിധ പ്രഫഷണല്‍, ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ കുട്ടികള്‍ ഫീസിനത്തിലും മറ്റും ആവശ്യമായ പണത്തിന് വേണ്ടി ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാറാണ് പതിവ്. ഇപ്രാവശ്യം അഡ്മിഷന്‍ ലഭിച്ച പല കുട്ടികളും ദേശസാല്‍കൃത ബാങ്കുകളില്‍ വായ്പക്ക് എത്തിയപ്പോഴാണ് മാനേജര്‍മാര്‍ നിസ്സഹായത പ്രകടിപ്പിക്കുന്നത്. രാജ്യത്തെ 14 ബാങ്കുകളെ വായ്പ നല്‍കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് തടഞ്ഞുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 11 ബാങ്കുകളെ കഴിഞ്ഞ ഡിസംബര്‍ മുതലാണ് വായ്പ നല്‍കുന്നതില്‍ നിന്നും തടഞ്ഞത്. മൂന്ന് ബാങ്കുകള്‍ ഇപ്പോള്‍ ആര്‍ബിഐയുടെ നിരീക്ഷണത്തിലാണ്. ജില്ലയിലെ ഭൂരിഭാഗം കുട്ടികലും കനറ, കോര്‍പറേഷന്‍ ബാങ്കുകളെയാണ് വിദ്യാഭ്യാസ വായ്പക്കായി ആശ്രയിക്കുന്നത്. എന്നാല്‍ കോര്‍പറേഷന്‍ ബാങ്ക് മാനേജര്‍മാര്‍ നല്‍കുന്ന വിശദീകരണം 4000 ഓളം കോടി രൂപ കിട്ടാക്കടമുള്ളതിനാല്‍ വായ്പ നല്‍കാനാവില്ലെന്നാണ്. 60 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് വിദ്യാഭ്യാസ വായ്പ അനുവദിക്കണമെന്നാണ് ചട്ടം. ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ ഭൂരിഭാഗം ബാങ്ക് മാനേജര്‍മാര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബാങ്കുകളുടെ മേധാവികള്‍ അപേക്ഷ സ്വീകരിക്കേണ്ടെന്ന് മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍ വായ്പ നിരസിക്കുന്നതോടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉന്നത പഠനം തടസ്സപ്പെടും.അതേസമയം വിദ്യാഭ്യാസ വായ്പ ആവശ്യമുള്ളവര്‍ വിദ്യാലക്ഷ്മി എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ രണ്ടാഴ്ചക്കകം വ്യക്തമായ മറുപടി ലഭിക്കുമെന്ന് ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബു തേജസിനോട് പറഞ്ഞു.
വന്‍കിട കുത്തകകള്‍ക്ക് കോടിക്കണക്കിന് രൂപ രേഖകളില്ലാതെ വായ്പ നല്‍കിയതിനെ തുടര്‍ന്നാണ് സാധാരണക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ പോലും ബാങ്കുകള്‍ക്ക് നല്‍കാനാവാത്ത സ്ഥിതിവന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

RELATED STORIES

Share it
Top