ബാങ്കുകള്‍ ഈടാക്കിയ അമിത ചാര്‍ജ് തിരിച്ചുനല്‍കണമെന്ന് വിധി

കല്‍പ്പറ്റ: അക്കൗണ്ട് ഉടമകളില്‍ നിന്നു ബാങ്കുകള്‍ അകാരണമായി ഈടാക്കിയ സര്‍വീസ് ചാര്‍ജുകളും  നഷ്ടപരിഹാരവും പലിശയും തിരിച്ചുനല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധി. രണ്ടു കേസുകളിലാണ് വയനാട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പരാതിക്കാര്‍ക്ക് അനുകൂലമായി തീരുമാനമെടുത്തത്.
തന്റെ അക്കൗണ്ടില്‍ കൂടുതല്‍ പണം നിക്ഷേപിച്ചതിന് ഈടാക്കിയ സര്‍വീസ് ചാര്‍ജ് തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി ഐസിഐസിഐ ബാങ്കിനെതിരേ കാട്ടാമ്പള്ളി ജിസ് തോമസാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ബാങ്ക് അധികൃതര്‍ അക്കൗണ്ട് ഉടമയോട് അനീതി കാട്ടിയെന്നു കണ്ടെത്തിയ തര്‍ക്ക പരിഹാരഫോറം അമിതമായി ഈടാക്കിയ 71,161 രൂപയും 12 ശതമാനം പലിശയും    നഷ്ടപരിഹാരവും കോടതി ചെലവിന് പതിനയ്യായിരം രൂപയും നല്‍കാന്‍ ഉത്തരവിട്ടു.
പണം നല്‍കാന്‍ കാലതാമസം വരുത്തിയാല്‍ മൊത്തം തുകയ്ക്കും 15 ശതമാനം പലിശയും ബാങ്ക് പരാതിക്കാരന്    നല്‍കണം. വയനാട് ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം ജഡ്ജ് ജോസ് വി തണ്ണിക്കോടന്‍, അംഗങ്ങളായ റെനിമോള്‍ മാത്യു, ചന്ദ്രന്‍ ആലഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് വിധി പറഞ്ഞത്.
സമാനമായ മറ്റൊരു കേസില്‍ സുല്‍ത്താന്‍ ബത്തേരി ബീനാച്ചി സ്വദേശി ജോസ് മാത്യു ആയിരുന്നു   പരാതിക്കാരന്‍. തന്റെ അക്കൗണ്ടില്‍ മതിയായ പണമുണ്ടായിട്ടും എടിഎം വഴി പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെന്നും ഓരോ പ്രാവശ്യം എടിഎം കൗണ്ടര്‍ ഉപയോഗിച്ചപ്പോഴും സര്‍വീസ് ചാര്‍ജ് ഈടാക്കിയെന്നായിരുന്നു ജോസ് മാത്യുവിന്റെ പരാതി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍പ്പറ്റ, ചങ്ങനാശ്ശേരി, തിരുവല്ല, പാലക്കാട് ബ്രാഞ്ചുകള്‍ക്കെതിരേ ഉയര്‍ന്ന പരാതി ന്യായമാണെന്നു കണ്ട ഉപഭോക്തൃ കോടതി, ഈടാക്കിയ സര്‍വീസ് ചാര്‍ജുകള്‍ മടക്കിനല്‍കാന്‍ ഉത്തരവിട്ടു.
നഷ്ടപരിഹാരവും കോടതി ചെലവും ബാങ്ക് പരാതിക്കാരന് നല്‍കണമെന്നും ഉപഭോ ക്തൃഫോറം വിധിച്ചു.

RELATED STORIES

Share it
Top