ബാങ്കുകളിലെ സര്‍ക്കാര്‍ നോമിനികളെ പിന്‍വലിക്കണം: ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്പയെടുത്ത് ആളുകള്‍ മുങ്ങുന്നത് പതിവായ പശ്ചാത്തലത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ നോമിനികളെ ഉള്‍പ്പെടുത്തുന്ന രീതി ഒഴിവാക്കണമെന്ന റിസര്‍വ് ബാങ്കിന്റെ ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളി. പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ അധികാരം നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളി. റിസര്‍വ് ബാങ്കിന് ഇപ്പോള്‍ തന്നെ ആവശ്യത്തിനുള്ള അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്.
നീരവ് മോദി പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് കടന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നോമിനിയെ പിന്‍വലിക്കണമെന്ന ആവശ്യം റിസര്‍വ് ബാങ്ക് ഉന്നയിച്ചിരിക്കുന്നത്. തട്ടിപ്പുകാരായ വ്യവസായികള്‍ക്ക് വായ്പ പാസാക്കിനല്‍കുന്നതിന് സര്‍ക്കാര്‍ നോമിനികള്‍ സഹായം നല്‍കുന്നതായി വ്യക്തമായിരുന്നു.
നോമിനി ഡയറക്ടര്‍മാര്‍ ബാങ്ക് വായ്പ നല്‍കുന്നത് സംബന്ധിച്ചു തീരുമാനമെടുക്കുന്ന മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഭാഗമാവരുതെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
സര്‍ക്കാര്‍ നോമിനികളെ ഒഴിവാക്കണമെന്ന ആവശ്യം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ രഘുറാം രാജനും ആവശ്യപ്പെട്ടിരുന്നു. നീരവ് മോദി സംഭവത്തില്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തു നിന്ന് മേല്‍നോട്ടപ്പിഴവുണ്ടായതായി സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍, റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടാധികാരം പരിമിതമാണെന്നും ബാങ്കുകളെ ഓഡിറ്റ് ചെയ്യുക, തിരുത്താന്‍ ആവശ്യപ്പെടുക തുടങ്ങിയവ അതിന്റെ പരിധിയില്‍ വരുന്നില്ലെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്ന ആവശ്യം റിസര്‍വ് ബാങ്ക് ഉന്നയിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന ചട്ടക്കൂടിലേക്ക് കൊണ്ടുവരണം. അങ്ങനെ വന്നാല്‍ വായ്പകള്‍ നല്‍കുന്നത് നിരീക്ഷിക്കാനും ഇടപെടാനുമാവും. അത് ബാങ്കുകളുടെ നഷ്ടം കുറയ്ക്കാന്‍ സഹായിക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.RELATED STORIES

Share it
Top