ബഹ്‌റയ്‌നും ഇസ്രായേലും അടുക്കുന്നു?

ബെയ്‌റൂത്ത്: ഇസ്രായേലുമായുള്ള സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ കൊച്ചു ഗള്‍ഫ് രാജ്യമായ ബഹ്‌റയ്ന്‍ യുഎഇയും സൗദി അറേബ്യയുമായി മല്‍സരത്തില്‍. കഴിഞ്ഞ മാസം 23 പേരുള്ള ഉന്നത പ്രതിനിധി സംഘം ഇസ്രായേല്‍ സന്ദര്‍ശിച്ചു സയണിസ്റ്റ് നേതാക്കന്മാരുമായി ചര്‍ച്ച നടത്തി. ഹമദ് രാജാവിന്റെ ആശീര്‍വാദത്തോടുകൂടിയായിരുന്നു ഈ നീക്കം. ഇതുവരെയും ഇസ്രായേലുമായി ബഹ്‌റയ്ന്‍ ഔദ്യോഗിക ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടില്ലെങ്കിലും രണ്ടു രാജ്യങ്ങളുടെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ വളരെ അടുപ്പത്തിലാണ്. യുഎസ് പ്രസിഡന്റ് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണ് എന്നു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴാണ് ബഹ്‌റയ്ന്‍ പ്രതിനിധി സംഘം ജറുസലേമിലെത്തുന്നത്. ഇസ്രായേലുമായി സുരക്ഷാ സഖ്യമുണ്ടാക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നു കരുതപ്പെടുന്നു. ഇറാന്റെ ഭീഷണി ഉയര്‍ത്തിക്കാട്ടി ഗള്‍ഫ് ഏകാധിപതികള്‍ അധികാരം നിലനിര്‍ത്തുന്നതിനാണ് യഹൂദ രാഷ്ട്രത്തിന്റെ സഹായം തേടുന്നത്. ഇസ്രായേല്‍ സുരക്ഷാ വിദഗ്ധരുമായി അനൗപചാരിക സംഭാഷണം നടത്തുന്നത് മുന്‍ സൗദി ഇന്റലിജന്‍സ് മേധാവിയായ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനാണ്. അതോടൊപ്പം കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രായേലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി ചില റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അബൂദബിയില്‍ ഊര്‍ജ ഗവേഷണ കേന്ദ്രം എന്നപേരില്‍ ഇസ്രായേലിന്റെ ഒരു നയതന്ത്ര ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ചില അമേരിക്കന്‍ യഹൂദ സംഘടനകള്‍ ബഹ്‌റയ്ന്‍ രാജവംശവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിവരവും ഈയിടെയാണ് പുറത്തുവന്നത്. ഹമദ് രാജാവിന്റെ പുത്രന്‍ ശെയ്ഖ് നാസറിനു ലോസ് ആഞ്ചലസിലെ പ്രമുഖ യഹൂദ പുരോഹിതനായ റബ്ബിമാര്‍ വിന്‍ ഹെയറ് ഒരു സ്വീകരണം നല്‍കിയിരുന്നു. മതസംവാദമായിരുന്നുവത്രെ സ്വീകരണത്തിന്റെ ലക്ഷ്യം.

RELATED STORIES

Share it
Top