ബഹു ഭാര്യത്വം, നികാഹ് ഹലാല മുത്ത്വലാഖ് വിഷയത്തിലേതിന് സമാനമായ നിലപാട് സ്വീകരിക്കും: കേന്ദ്രം

ന്യൂഡല്‍ഹി: ബഹുഭാര്യത്വം, നികാഹ് ഹലാല വിഷയങ്ങളില്‍ മുത്ത്വലാഖ് വിഷയത്തിലേതിനു സമാനമായ നിലപാട് സ്വീകരിക്കുമെന്നു വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ബഹു ഭാര്യത്വം, നികാഹ് ഹലാല (ചടങ്ങ് കല്യാണം) എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.  മുത്ത്വലാഖ്  കേസിലേതിനു സമാനമായി ഈ ഹരജികളിലും ഇരു ചടങ്ങുകള്‍ക്കും എതിരായുള്ള നിലപാട് സ്വീകരിക്കാനാണു നിയമ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചത്.
മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വവും നികാഹ് ഹലാലയും നിരോധിക്കണമെന്നാവശ്യപ്പെടുന്ന നാലു ഹരജികളാണു നിലവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ മൂന്നംഗ ബെഞ്ച് മുമ്പാകെയുള്ളത്. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ദേശീയ വനിതാ കമ്മീഷനും കോടതി നോട്ടീസ് അയച്ചിരുന്നു.
മുത്ത്വലാഖ്  ചൊല്ലപ്പെട്ട ശേഷം മുന്‍ പത്‌നിയെ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരു പുരുഷന്‍ വിവാഹം ചെയ്തു മൊഴിചൊല്ലുന്ന രീതിയാണു നികാഹ് ഹലാല.  കഴിഞ്ഞവര്‍ഷം ഭരണഘടനാ ബെഞ്ച്  മുത്ത്വലാഖ് കേസ് പരിഗണിച്ചപ്പോള്‍ ചടങ്ങ് കല്യാണവും ബഹുഭാര്യത്വവും നിരോധിക്കണമെന്നു ഹരജിക്കാരും കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബെഞ്ചിന് നേതൃത്വം നല്‍കിയ അന്നത്തെ ചീഫ്
ജസ്റ്റിസ് ജെ എസ് ഖേഹാര്‍, ഇപ്പോള്‍  മുത്ത്വലാഖ്  മാത്രമേ പരിഗണിക്കൂവെന്നും ബാക്കിയുള്ളവ പിന്നീടു പരിഗണിക്കാമെന്ന നിലപാടാണ് എടുത്തത്.

RELATED STORIES

Share it
Top