ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ മാധ്യമരംഗം കൈയടക്കുന്നു: മന്ത്രി തോമസ് ഐസക്

കൊച്ചി: ജനാധിപത്യ സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളുടെ പ്രാധാന്യം വര്‍ധിക്കുംതോറും അതിന്‍മേലുള്ള കോര്‍പറേറ്റ് നിയന്ത്രണവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ടി എം തോമസ് ഐസക്. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാര്‍ഡുകളുടെയും ബിരുദാനന്തര ഡിപ്ലോമയുടെ സര്‍ട്ടിഫിക്കറ്റുകളുടെയും  വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബഹുരാഷ്ട്ര കോര്‍പറേറ്റുകളാണ് മാധ്യമരംഗം കൈയടക്കിയിരിക്കുന്നത്. കൃത്യമായ അജണ്ട വച്ചുകൊണ്ടാണ് കോ ര്‍പറേറ്റുകളുടെ നീക്കം എന്നതിനാല്‍ തന്നെ വാര്‍ത്താവതരണം വാണിജ്യവല്‍ക്കരിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി. പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന വലിയ മല്‍സരങ്ങളുടെയും സ്വാധീനങ്ങളുടേയും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എങ്ങനെ മുന്നോട്ടുപോവാം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം. വ്യാജവാര്‍ത്താ നിര്‍മിതികളുടെ പശ്ചാത്തലത്തില്‍ മാധ്യമ സാക്ഷരത പകര്‍ന്നു കൊടുക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ക്ക് കഴിയണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.  ജനാധിപത്യപരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനങ്ങളില്‍ മാധ്യമ സാക്ഷരത ഉണ്ടാക്കിയെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ റെയിലിനായി അക്കാദമി മന്ദിരം പൊളിക്കുന്നതിന് മുമ്പ് തന്നെ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങാനും അക്കാദമിയുടെ   ഫെല്ലോഷിപ്പ്  പുതിയ സാമ്പത്തിക വര്‍ഷവും തുടരാനുള്ള സാമ്പത്തികസഹായവും  മന്ത്രി  വാഗ്ദാനം ചെയ്തു. പഠിച്ചതെല്ലാം പ്രയോഗത്തില്‍ വരുത്താന്‍ പറ്റിയ പ്രവര്‍ത്തനരംഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാവട്ടെയെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ പ്രമുഖ സാഹിത്യകാരിയും അക്കാദമി ഫാക്കല്‍റ്റി അംഗവുമായ ഡോ. എം ലീലാവതി പറഞ്ഞു.  മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സജീവ് പാഴൂരിനെ പി ടി തോമസ് എംഎ ല്‍എ പൊന്നാടയണിയിച്ചു.   സജീവ് പാഴൂരിനുള്ള ഉപഹാരം മന്ത്രി തോമസ്  ഐസക് സമ്മാനിച്ചു.  മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച നോ ഹോണ്‍ ഡേ സന്ദേശം പകരുന്ന ഹ്രസ്വചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, സെക്രട്ടറി കെ ജി സന്തോഷ്, അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം ശങ്കര്‍ കോണ്‍വൊക്കേഷന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. അക്കാദമി  ഫാക്കല്‍റ്റി അംഗങ്ങളായ കെ ഹേമലത, കെ അജിത് സംസാരിച്ചു.

RELATED STORIES

Share it
Top